
ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം വർണാഭമായി. വലിയ വിളക്ക് ദിനത്തിൽ നടന്ന പകൽപ്പൂരത്തിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്.
വൈകിട്ട് കണിയാംക്കുന്ന് കവലയിൽ നിന്ന് ഗജവീരന്റെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ പകൽപ്പൂരം ആരംഭിച്ചു. തടത്താവിള ശിവ ദേവിയുടെ തിടമ്പേറ്റി. കലാമണ്ഡലം പ്രദീപ് നയിച്ച പഞ്ചവാദ്യവും പള്ളുരുത്തി ജൗഷൽ ബാബു നയിച്ച ചെണ്ടമേളവും പകൽപ്പൂരത്തെ കൂടുതൽ ആകർഷകമാക്കി. പകൽപ്പൂരത്തിന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എ. പ്രകാശൻ, ട്രഷറർ എ.കെ. ഷിബു എന്നിവർ നേതൃത്വം നൽകി. രാത്രി പത്തിന് പള്ളിവേട്ടയും പള്ളിക്കുറുപ്പും നടന്നു.
ഇന്ന് ഉത്സവത്തിന് കൊടിയിറങ്ങും. രാവിലെ 11ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പെടൽ, ആലുവ ശിവക്ഷേത്രത്തിൽ ആറാട്ട്, തുടർന്ന് കിഴക്കേ കടുങ്ങല്ലൂർ കവലയിൽ നിന്ന് വരവേൽപ്പ് എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി ടി.പി. സൗമിത്രൻ തന്ത്രി, ക്ഷേത്രം ശാന്തി പി.കെ. രവി എന്നിവർ പൂജകൾക്ക് കാർമ്മികത്വം വഹിക്കും.