ആലുവ: നിർദ്ദിഷ്ട ആലുവ കോടതി സമുച്ചയത്തിന്റെ പുതുക്കിയ രൂപരേഖയ്ക്ക് ഹൈക്കോടതി ബിൽഡിംഗ് കമ്മിറ്റി അംഗീകാരമായി. ജയിൽ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് രൂപരേഖയിൽ മാറ്റം വരുത്തിയത്.

ആദ്യ രൂപരേഖയിൽ അഞ്ചുനില കെട്ടിടമായിരുന്നു. എതിർവശത്തുള്ള സബ് ജയിലിലേക്ക് നോട്ടം കിട്ടുമെന്ന പ്രശ്‌നമുയർത്തി ജയിൽ വകുപ്പ് എതിർത്തത്.

തുടർന്നാണ് കെട്ടിടത്തിലെ ഒരു നില കുറയ്ക്കാനും കുറച്ച് പിന്നിലേക്ക് മാറ്റി നിർമ്മിക്കാനും തീരുമാനിച്ചത്. പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ രൂപരേഖ ജില്ലാ ജഡ്ജിന്റെ അംഗീകാരത്തിന് ശേഷമാണ് അന്തിമ അംഗീകാരത്തിനായി ഹൈക്കോടതി ബിൽഡിംഗ് വിഭാഗത്തിന് സമർപ്പിച്ചത്. ഹൈക്കോടതി അംഗീകാരം ലഭിച്ചതോടെ പുതിയ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിനാവശ്യമായ എല്ലാ കടമ്പകളും മറികടന്നിട്ടുണ്ട്.

നിലവിലുള്ള മൂന്ന് കോടതികളും ജൂലായ് ഒന്ന് മുതൽ ഇ.എസ്.ഐ റോഡിലുള്ള ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റും. ബി.എസ്.എൻ.എൽ കെട്ടിടത്തിൽ രണ്ട് മാസത്തിനകം ഫർണീഷിംഗ് പൂർത്തിയാക്കും. പുതിയ കോടതി കെട്ടിടത്തിന് രണ്ട് വർഷം മുമ്പ് 37.2542 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.