കൊച്ചി: പ്രചാരണത്തിന് കൊഴുപ്പുകൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചാലക്കുടി മണ്ഡലത്തിലെത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നലെ പൊതുപര്യടനം ഒഴിവാക്കി. യു.ഡി.എഫ്., എൻ.ഡി.എ സ്ഥാനാർത്ഥികൾ പര്യടനം തുടരുകയാണ്.

 ബെന്നി ബഹനാൻ ആലുവയിൽ

യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ആലുവ മണ്ഡലത്തിൽ പര്യടനം നടത്തി. പുലർച്ചെ മത്സ്യമാർക്കറ്റിലെത്തിയ സ്ഥാനാർത്ഥി മത്സ്യത്തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. അയ്യമ്പുഴ പ്ലാന്റഷൻ തൊഴിലാളികൾക്കൊപ്പമായിരുന്നു ഉച്ചയൂണ്. എടത്തല, ശ്രീമൂലനഗരം, കീഴ്‌മാട് പഞ്ചായത്തുകളും സന്ദർശിച്ചു.

ഇന്ന് മൂക്കന്നൂർ, കറുകുറ്റി, പാറക്കടവ്, അങ്കമാലി പ്രദേശങ്ങൾ സ്ഥാനാർത്ഥി സന്ദർശിക്കും.

മുഖ്യമന്ത്രി ഇന്നെത്തും
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് ഇന്നലെ പൊതുപര്യടനം നടത്തിയില്ല. രവീന്ദ്രനാഥിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. രാവിലെ ഒൻപതിന് പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയം, വൈകിട്ട് നാലിന് ആലുവ ടൗൺ ഹാൾ എന്നിവിടങ്ങളിൽ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ എറിയാട് ചേരമാൻ മൈതാനത്തും പ്രസംഗിക്കും. പ്രൊഫ. സി. രവീന്ദ്രനാഥ് പങ്കെടുക്കും.

കൊടുങ്ങല്ലൂരിൽ ഉണ്ണികൃഷ്ണൻ

എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്‌ണൻ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. പ്രധാന സ്ഥലങ്ങളിൽ വോട്ടർമാരെയും പ്രമുഖ വ്യക്തികളെയും സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. ഇന്ന് അങ്കമാലി മണ്ഡലത്തിൽ പര്യടനം നടത്തും.

 അങ്കമാലിയിൽ ചാർളി പോൾ

ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി ചാർളി പോൾ പ്രചരണം അങ്കമാലി മണ്ഡലത്തിൽ പുരോഗമിക്കുന്നു. കാലടി മേഖലയിലെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിച്ചു. മലയാറ്റൂരിൽ വോട്ടർമാരെ നേരിൽക്കണ്ടു. സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാടുമായി കൂടിക്കാഴ്ച നടത്തി.