
കൊച്ചി: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കുമെന്ന സർക്കാരിന്റെ ഉറപ്പ് നടപ്പായില്ല. പല മരുന്നുകളും ഇപ്പോളും പുറത്തു നിന്നാണ് വാങ്ങുന്നത്. പേവിഷ ബാധയ്ക്കുള്ള മരുന്ന് നൽകുന്നതിനു മുൻപുള്ള അലർജിക്കുന്ന മരുന്നുൾപ്പെടെ പലയിടത്തുമില്ല. പനിയും മറ്റ് പകർച്ചവ്യാധികളും പകരുന്നതിനിടെ മരിന്നില്ലാത്തത് പ്രതിസന്ധിയാണ്.
മരുന്നുക്ഷാമം സംബന്ധിച്ച് കഴിഞ്ഞ വർഷവും കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നൽകി. എന്നാൽ പ്രശ്നപരിഹാരമുണ്ടായില്ല. ഐ.വി പാരസെറ്റാമോളും പുറത്ത് നിന്ന് വാങ്ങി നൽകാനാണ് ആശുപത്രികളുടെ നിർദ്ദേശം.
അത്യാഹിത വിഭാഗങ്ങളിലും ഐ.സി.യുവിലും അടക്കം ഒഴിവാക്കാനാകാത്ത ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കുന്ന അഡ്രിനാലിനും നോർ അഡ്രിനാലിനും പലയിടത്തുമില്ല. എറണാകുളം ജനറൽ ആശുപത്രിയിലും സ്ഥിതി വിഭിന്നമല്ല. സിട്രിസിനും സൊറേഷ്യോ പെപ്റ്റിഡെയ്‌സുമൊന്നും ഇവിടെയില്ല. ജില്ലാ ജനറൽ ആശുപത്രി, കരുവേലിപ്പടി മഹാരാജാസ്, പറവൂർ താലൂക്ക് ആശുപത്രി തുടങ്ങിയ ഇടങ്ങളിലെല്ലാം മരുന്നുക്ഷാമമുണ്ട്. സർക്കാർ ആശുപത്രികളുടെ സമീപങ്ങളിലുള്ള മെഡിക്കൽ സ്റ്റോറുകളാണ് ആശ്രയം.
ടെൻഡർ പ്രശ്‌നങ്ങൾ പരിഹരിച്ചതിനാൽ മരുന്ന് ക്ഷാമമില്ലെന്നാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിൽ ക്ഷാമമുള്ളവ
സിട്രിസിൻ
നോർഫ്ലോക്സിൻ
മെറ്റ്ഫോർമിൻ 500
നോർമൽ സലൈൻ 500
ആസ്പിരിൻ 75എം.ജി
അസിക്ലോഫെനാക്
ഒരു വർഷം മുമ്പ് ക്ഷാമം നേരിട്ടിരുന്നവ
അമോക്‌സിലിൻ സിറപ്പ്
 അറ്റോർവാസ്റ്റാറ്റിൻ
 അസത്രോമൈസിൻ സിറപ്പ്
 സൊറേഷ്യോ പെപ്റ്റിഡെയ്‌സ്
സക്ലോപാം ഗുളിക
ബെൻസൈൽ പെൻസിലിൻ ഇൻജക്ഷൻ
സോഡിയം ക്ലോറൈഡ്
 പാരസെറ്റാമോൾ ഐ.വി