
മൂവാറ്റുപുഴ: എം.സി റോഡിൽ മൂവാറ്റുപുഴ പള്ളി ചിറങ്ങരയിൽ സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ട്രാവലർ എതിർവശത്തു നിന്ന് വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. സംഭവത്തിന്റെ സി.സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹനക്കാരനായ പേഴക്കാപ്പിള്ളി സ്വദേശി അമീറിനെ പേഴക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തുടർചികിത്സകൾക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ട്രാവലർ റോഡിൽ മറിഞ്ഞു. ട്രാവലറിലുള്ള യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം പതിവ്
രണ്ട് മാസത്തിനിടെ നാല് അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. രണ്ടു പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. അതിനു തൊട്ടടുത്ത് തന്നെയാണ് ഇന്നലേയും അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സ് എത്തിയാണ് വാഹനം നിവർത്തിയത്.