 
തൃപ്പൂണിത്തുറ: മിനി ബൈപ്പാസിലെ തോട്ടിൽ നിന്നും കോരിവച്ച ചെളിയും മാലിന്യവും കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും കുരുക്കാകുന്നു. നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി അഴുക്കുനിറഞ്ഞ തോട്ടിൽ നിന്നും കോരിവെച്ച ചെളിയും മലിന വസ്തുക്കളും രണ്ടുദിവസമായി റോഡിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്. മിനി ബൈപാസിലെ കുപ്പിക്കഴുത്തായ ആർ.എൽ.വി കോളേജിന്റെ വളവിൽ നിന്നും ഏകദേശം 300 മീറ്ററോളം റോഡിൽ അങ്ങിങ്ങായി വരമ്പു പോലെ വാരിവച്ച ചെളിക്കൂനകൾ റോഡിലേക്ക് പരന്നുകിടക്കുകയാണ്. വാഹനങ്ങളുടെ ബാഹുല്യം നിമിത്തം കാൽനടയാത്ര പോലും അസാധ്യമായ റോഡിൽ നിന്നും കോരിവച്ച അഴുക്കും ചെളിയും നഗരസഭ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കത്തുന്ന വേനലിൽ പൊടിശല്യം രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ഭയം.