 
* ട്രക്ക് ഇടിച്ചുകയറി ഇരുനിലക്കെട്ടിടം തകർന്നു
പറവൂർ: പുതിയ ദേശീയപാത നിർമ്മാണ കമ്പനിയുടെ മൊബൈൽപൈലിംഗ് ട്രക്ക് കാറിലിടിച്ച് നിയന്ത്രണംവിട്ട് സമീപത്തെ ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്ന് കെട്ടിടം തകർന്നുവീണു. അപകടത്തിൽ ട്രക്കിന് അടിയിൽപ്പെട്ട് പത്രം ഏജന്റ് മരിച്ചു. നന്തികുളങ്ങര കുറുപ്പന്തറ സോമനാണ് (72) മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നലിലായിരുന്നു അപകടം.
ചേന്ദമംഗലം ഭാഗത്തുനിന്ന് വന്ന കാർ സിഗ്നലിൽനിന്ന് ആലുവ ഭാഗത്തേയ്ക്ക് തിരിക്കുന്നതിനിടെയാണ് ട്രക്ക് ഇടിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് കല്ലുങ്കൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരുനില ഓടിട്ട കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന രണ്ട് ഓഫീസുകളും താഴത്തെ നിലയിലെ പലചരക്ക്, ഹെൽമെറ്റ്, ഐസ്ക്രീം പാർലർ കടകളും തകർന്നു. ഈ സമയം പത്രമെടുക്കാൻ സൈക്കിളിൽ പോകുകയായിരുന്ന സോമൻ ട്രക്കിനടിയിൽപ്പെടുകയായിരുന്നു. ഉടനെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവിംഗ് കാബിനിൽ കുടുങ്ങിയ ട്രക്ക് ഡ്രൈവറെ പൊലീസും ഫയർഫോഴ്സുമെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂരിൽനിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാൻ ആലുവ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇയാൾക്ക് ചാലാക്ക മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സനൽകി.
 
സോമന്റെ ഭാര്യ: രമ. മക്കൾ: വർഷ, മേഘ. മരുമക്കൾ: സിബു, അനീഷ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംഭവസ്ഥലം സന്ദർശിച്ചു.
ചേന്ദമംഗലം കവലയിൽ നിരന്തരം അപകടങ്ങൾ നടന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. ബുധനാഴ്ച പുലർച്ചെയും ഇവിടെ ടൂറിസ്റ്റ് ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പലതും പ്രവർത്തിക്കുന്നില്ല.