രാജിവച്ചത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ഡിക്‌സൺ
കൊച്ചി: കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ആർ.എസ്.പി യിലെ സുനിത ഡിക്‌സൺ സ്ഥാനം രാജിവച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന കോർപ്പറേഷനിലെ ഇവരുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം മുൻപും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. മുൻധാരണകൾ പ്രകാരം സുനിതയ്ക്ക് ഒന്നര വർഷമാണ് ചെയർപേഴ്‌സൺ സ്ഥാനമെന്നാണ് കോൺഗ്രസ് പക്ഷം. അതിനു ശേഷവും ഇവർ രാജിവച്ചില്ല. കഴിഞ്ഞ വർഷം ഇവർക്കെതിരെ യു.ഡി.എഫ് അവിശ്വാസ നീക്കം വരെ നടത്തിയെങ്കിലും പാളിയിരുന്നു.
അന്ന് പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന പൊതുമരാമത്ത് കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു.
പിന്നാലെ കമ്മിറ്റിയിലെ കോൺഗ്രസ് അംഗം അഡ്വ. വി.കെ. മിനിമോൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ സുനിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആദ്യതവണ ഹർജി തള്ളിയിരുന്നുവെന്ന് വി.കെ. മിനിമോൾ പറഞ്ഞു. വീണ്ടും അപ്പീൽ നൽകിയപ്പോൾ മേയ് 15വരെ കേസ് സ്റ്റേ ചെയ്തു. പ്രതികൂല വിധിയുണ്ടാകുമെന്ന ഭയത്താലാണ് അപ്രതീക്ഷിത രാജിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. നേരത്തെ കോൺഗ്രസുകാരിയായിരുന്ന സുനിത കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആർ.എസ്.പിയ്ക്ക് ഒപ്പം ചേർന്നത്. പാർട്ടിയുടെ ജില്ലയിലെ ഒരേയൊരു ജനപ്രതിനിധിയാണ്.
കേസ് പിൻവലിക്കില്ലെന്ന് പ്രതിപക്ഷം
സുനിത ഡിക്‌സണെതിരായി തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ കേസ് പിൻവലിക്കില്ലെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു. തുടർനടപടികൾ യു.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനിക്കും.
രാജി മുൻധാരണപ്രകാരമെന്ന് ആർ.എസ്.പി
സുനിതയുടെ രാജി കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ പറഞ്ഞു. രാജിവയ്ക്കാൻ പാർട്ടി നേരത്തേ ആവശ്യപ്പെട്ടിരുന്നുവെന്നും കോൺഗ്രസ് നിശ്ചയിക്കുന്ന സ്ഥാനാർഥിയെ സുനിത പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.