nidhin
നിതിൻ

നെടുമ്പാശേരി: കുറുമശേരി പ്രിയപ്പടിയിൽ ഗുണ്ടാസംഘത്തലവൻ അത്താണി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമനെ (33) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പാറക്കടവ് കുറുമശേരി വേങ്ങുപ്പറമ്പിൽ തിമ്മയ്യനെന്ന് വിളിക്കുന്ന നിതിൻ (30), കുറുമശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (36) എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേർകൂടി കസ്റ്റഡിയിലുണ്ട്.

deepak
ദീപക്

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വിനു വിക്രമനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം വടക്കേക്കര ലേബർ ജംഗ്ഷന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ അയിരൂർ പുത്തൻതോട് പാലത്തിന് അടിയിൽനിന്ന് കണ്ടെടുത്തു.

നിതിനെതിരെ കാലടി, അങ്കമാലി, നെടുമ്പാശേരി, ചെങ്ങമനാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. ദീപക്കിനെതിരെ നെടുമ്പാശേരി, ചെങ്ങമനാട് പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.

2019ൽ നവംബറിൽ അത്താണിയിൽ ഗുണ്ടാത്തലവൻ ഗില്ലപ്പി ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് വിനു വിക്രമൻ. പിടിയിലായ പ്രതികൾ ഗില്ലപ്പി ബിനോയിയുടെ സംഘത്തിൽപ്പെട്ടവരായിരുന്നു. അടുത്തകാലത്തായി ഇരു ഗുണ്ടാസംഘങ്ങളും ഒന്നിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ചീരോത്തിത്തോടിലെ ബാറിലിരുന്ന് മദ്യപിച്ചശേഷം കേസിലെ മുഖ്യപ്രതി നിതിനാണ് ഓട്ടോറിക്ഷയിൽ ഇവരെ കുറുമശേരിയിലെത്തിച്ചത്. ഗില്ലപ്പിയെ കൊലപ്പെടുത്തിയ വിഷയം മദ്യലഹരിയിൽ ഉയർന്നുവരികയും തുടർന്ന് വിനുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളെത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവറും മദ്യപിക്കുമ്പോൾ കൂടെയുണ്ടായിരുന്നയാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ആലുവ ഡിവൈ.എസ്.പി എ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ആർ. കുമാർ, എസ്.ഐമാരായ സന്തോഷ് അബ്രഹാം, നൗഷാദ്, എ.എസ്.ഐമാരായ ഡിക്‌സൻ, സിനുമോൻ, ജിയോ, എസ്.സി.പി.ഒമാരായ ജോയി ചെറിയാൻ, ഷിബു അയ്യപ്പൻ, അഖിലേഷ്, സി.പി.ഒമാരായ കൃഷ്ണരാജ്, വിബിൻ, സജിത്, സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.

* സംസ്കാരം നടത്തി

കൊലപ്പെട്ട വിനു വിക്രമന്റെ സംസ്കാരം അത്താണിയിലെ വീട്ടുവളപ്പിൽ നടത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംസ്കാരം.