കോലഞ്ചേരി: ഐരാപുരം റബർപാർക്കിനടുത്ത് പാതാളപ്പറമ്പിൽ പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു പെൺകുട്ടികൾ ഒഴുക്കിൽപെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മൂവരേയും രക്ഷപ്പെടുത്തി. കനത്ത ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സൗത്ത് വാഴക്കുളം പാത്തനായത്ത് ഹന ഫാത്തിമയെ (13) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. പാതാളപ്പറമ്പ് പള്ളിക്ക് സമീപമുള്ള ഹൈലെവൽ കനാലിലാണ് മൂവരും ബന്ധുവായ യുവതിക്കൊപ്പം കുളിക്കാനെത്തിയത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടപ്പോൾ യുവതി ഒച്ചവച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. റംസാൻ പെരുന്നാളിനോടനുബന്ധിച്ചാണ് കുട്ടികൾ പാതാളപ്പറമ്പിലെ അമ്മ വീട്ടിലെത്തിയത്. സഹോദരിമാരുടെ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. സംഭവമറിഞ്ഞ് കുട്ടികളെ ആശുപത്രയിലെത്തിക്കാനായി പുറപ്പെട്ട റബർപാർക്ക് അൽഫത്തഹ് സ്നേഹനിധിയുടെ ആംബുലൻസ് വെങ്ങോലയിൽവച്ച് ബൈക്കിലും തുടർന്ന് കാറിലുംതട്ടി സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ചുനിന്നു. മൂന്നു പേർക്ക് പരിക്കേറ്റു.