* രാഷ്ട്രീയ പ്രേരിതമെന്ന് സാബു എം. ജേക്കബ്
കിഴക്കമ്പലം: ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാർക്കറ്റിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ വരണാധികാരികൂടിയായ കളക്ടറുടെ നടപടി. നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ട്വന്റി 20 മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭക്ഷ്യസുരക്ഷാമാർക്കറ്റിൽ സബ്സിഡി നൽകുന്നതിന് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ അവസാനിക്കുന്നതുവരെ വരണാധികാരി വിലക്കേർപ്പെടുത്തിയത്.
ഭക്ഷ്യസുരക്ഷാ മാർക്കറ്റ് തുടങ്ങിയ കാലംമുതൽ ഇവിടെ സബ്സിഡി നിരക്കിലാണ് ഉത്പന്നങ്ങൾ നൽകുന്നത്. അല്ലാതെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചല്ല. ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ് സബ്സിഡി തടഞ്ഞതിന് പിന്നിലുള്ളത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അടിയന്തരമായി നിയമനടപടി സ്വീകരിക്കുമെന്നും ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.