 
കെ. കെ. രത്‌നൻ
വൈപ്പിൻ : വിഷുവെത്തുമ്പോൾ ജില്ലയിലെ പ്രധാന പടക്ക വിപണിയായ ചെറായിലേക്ക് ആളുകളുടെ ഒഴുക്കാണ്. ഏറെക്കാലം മുന്നേ തന്നെ ചെറായി പടക്ക നിർമ്മാണ ശാലകളുടെ കേന്ദ്രമായിരുന്നു. ഒട്ടേറെ തൊഴിലാളികൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നു. എന്നാൽ എക്‌സ്‌പ്ലോസീവ് നിയമങ്ങൾ കർശനമായതോടെ ഇവിടുത്തെ പടക്ക നിർമ്മാണ ശാലകൾക്ക് മിക്കതിനും താഴുവീണു. എങ്കിലും പരമ്പരാഗത തൊഴിൽ എന്ന നിലയിൽ ചെറായി ഇപ്പോഴും പടക്ക വിപണിയുടെ പ്രതാപം കൈവിട്ടിട്ടില്ല.
പടക്കങ്ങളിലെ വൈവിധ്യവും വിലക്കുറവുമാണ് വിഷുവെത്തിയാൽ ചെറായിയിലെ പടക്ക വിൽപ്പന ശാലകളിലേക്ക് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നത്. കമ്പിത്തിരി, മത്താപ്പൂ, മേശപ്പൂ, ചക്രം, ചാട്ട, ചൈനീസ് ഫാൻസി ഇനങ്ങളായ ഹെലിക്കോപ്റ്റർ, ഡ്രോൺ, ബട്ടർഫ്‌ളൈസ്, റിവോൾവിങ്ങ് കമ്പിത്തിരി, ക്രേസിവീൽ, കുടപോലെ കറങ്ങുന്ന ഡാൻസിങ്ങ് അംബ്രല, തുടങ്ങിയ ഇനങ്ങളാണ് വിൽപ്പന ശാലയിലെ പ്രധാന താരങ്ങൾ. ചൈനീസ് പടക്കങ്ങൾ എന്നാൽ ചൈനയിൽ നിന്ന് വരുന്നതല്ല. ചൈനീസ് ടെക്‌നോളജി ഉപയോഗിച്ച് ഇവിടെ നിർമ്മിക്കുന്നതാണ്. ഓലപ്പടക്കവും ഈർക്കിലി പടക്കവും വളരെ കുറച്ച് മാത്രമേ വിപണിയിലുണ്ടാകാറുള്ളൂ. വർണ്ണശബളമായ ഇനങ്ങളാണ് കുട്ടികളെ ആകർഷിക്കുന്നത്.
ചെറായി ദേവസ്വംനട, ചെറായി ബേക്കറി വളവ്, ജനത എന്നിവിടങ്ങളിലാണ് പ്രധാന വിൽപ്പന കേന്ദ്രങ്ങൾ. കൊച്ചി താലൂക്കിൽ വെടിക്കെട്ട് നടത്താനുള്ള ഏക എൽ.ഇ.വൺ ലൈസൻസിയായ ചെറായി ചന്ദ്രാ ഫയർ വർക്‌സിന്റെ ഉടമയായ ഒ. സി. സൈജുവിന്റെ വിലയിരുത്തലിൽ വിലക്കുറവ് തന്നെയാണ് ചെറായിലെ പടക്കവിപണിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.