
കൊച്ചി: ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിന്റെ ഐ.എസ്.ഒ അംഗീകാരം ദുരൂഹതയുടെ നിഴലിൽ. ആരും ആവശ്യപ്പെടാതെ ഒരു ഏജൻസി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് വിവരാവകാശ മറുപടി. ഒൗദ്യോഗികമായ ഉത്തരവൊന്നുമില്ലെന്നും ഏജൻസിക്ക് ഫീസ് നൽകിയിട്ടില്ലെന്നും ഇതിനായൊരു ഫയൽ ഓഫീസിൽ ഇല്ലെന്നും ഐ.എസ്.ഒ. (സ്റ്റാൻഡേർഡ്സ് കൗൺസിൽ ) ഡയറക്ടർ എന്ന പേരിൽ എൻ. ശ്രീകുമാർ എന്നയാൾ ഇമെയിലായി ഓഫീസിനെ ഐ.എസ്.ഒ അംഗീകാരത്തിനായി തിരഞ്ഞെടുത്ത കാര്യം അറിയിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ സബ് കളക്ടർ കെ. മീര പള്ളുരുത്തിയിലെ പി.സി. ഉണ്ണിക്കൃഷ്ണന് നൽകിയ വിവരാവകാശ അപ്പീൽ മറുപടിയിൽ വ്യക്തമാക്കി.
ഭൂമിതരംമാറ്റ അപേക്ഷകൾ ഉൾപ്പടെ ആയിരക്കണക്കിന് ഫയലുകൾ വർഷങ്ങളായി കെട്ടിക്കിടക്കുന്ന, കെടുകാര്യസ്ഥതയ്ക്ക് കുപ്രസിദ്ധിയാർജിച്ച ഓഫീസിന് സേവന ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരം കഴിഞ്ഞവർഷം ലഭിച്ചത് അന്നേ കൗതുകം ഉയർത്തിയതാണ്. ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിന് 200ലേറെ കോടതിലക്ഷ്യക്കേസുകളും ഇക്കാലയളവിൽ സബ് കളക്ടർ നേരിട്ടു. പരാതികളെത്തുടർന്ന് 2021ൽ 38 ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.
വിഷ്ണുരാജ് സബ് കളക്ടറായിരിക്കെ കഴിഞ്ഞ ഡിസംബറിലാണ് ആർ.ഡി.ഒ ഓഫീസിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചത്. 2023 മാർച്ച് 30 മുതൽ ഐ.എസ്.ഒ പ്രതിനിധികൾ ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തിയാണ് അംഗീകാരം നൽകിയതെന്നും സർട്ടിഫിക്കറ്റ് സമർപ്പണ ചടങ്ങിന്റെ ക്ഷണപത്രത്തിൽ പറയുന്നു.
ഡൽഹിയിലെ യു.എം.എസ് സർട്ടിഫിക്കേഷൻസ് എന്ന കമ്പനിയുടേതാണ് സർട്ടിഫിക്കേഷൻ. ഇത് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആർ.ഡി.ഒ ഓഫീസും ഫോർട്ടുകൊച്ചിയാണെന്ന് അന്നത്തെ ക്ഷണപത്രത്തിൽ അവകാശപ്പെട്ടിരുന്നു.
ടാറ്റയുടെ ടി.ക്യൂ സർവീസസാണ് സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകൾക്കും കോട്ടയം കളക്ടറേറ്റിനും മറ്റും ഈ അംഗീകാരം നൽകിയത്. മാസങ്ങളുടെ പരിശോധനയും പഠനവും ജീവനക്കാരുടെ പരിശീലനവും ഇതിന് വേണ്ടിവരും.
* തട്ടിക്കൂട്ട് ഐ.എസ്.ഒ. അംഗീകാരം
ഡൽഹിയിലും മുംബയിലും മറ്റും പെട്ടിക്കടകൾ പോലെയുള്ള തട്ടിക്കൂട്ട് കമ്പനികളുടെ കേരളത്തിലെ ഏജൻസികൾക്ക് 25,000-40,000രൂപ നൽകിയാൽ ആർക്കും സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ ഐ.എസ്.ഒയുടെ സർട്ടിഫിക്കേഷനുകൾ ലഭിക്കുന്ന സ്ഥിതിയുണ്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ചില സർക്കാർ ഇടപാടുകൾക്ക് നിർബന്ധമായതിനാലുമാണ് പലരും ഇത്തരം കമ്പനികളെ ആശ്രയിക്കുന്നത്.
* അന്വേഷണം വേണം
ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിന്റെ പേരിൽ നടത്തുന്ന കള്ളക്കളികളിൽ ഒന്നുമാത്രമാണിത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം. വെറുംതട്ടിപ്പ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. സർക്കാരിന് പരാതി നൽകിയിട്ടുണ്ട്.
പി.സി. ഉണ്ണിക്കൃഷ്ണൻ
പള്ളുരുത്തി.