consumer

കൊച്ചി: ഹൈക്കോടതിയിൽനിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ കൺസ്യൂമർഫെഡിന്റെ വിഷുച്ചന്തകൾക്ക് മിക്ക താലൂക്ക് കേന്ദ്രങ്ങളിലും തുടക്കമായി. നിത്യോപയോഗ സാധനങ്ങളെല്ലാം സ്റ്റോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ 77 താലൂക്ക് ആസ്ഥാനങ്ങളിലും 179 ത്രിവേണി സ്റ്റോറുകളിലുമാണ് പ്രത്യേക റംസാൻ- വിഷുച്ചന്തകൾ കൺസ്യൂമർഫെഡ് പ്രഖ്യാപിച്ചിരുന്നത്. അവശ്യസാധനങ്ങൾ 10 മുതൽ 30 ശതമാനംവരെ വിലക്കുറവിലാണ് നൽകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുകാരണം ചന്തകൾ തുറക്കാൻ വൈകി. റംസാൻ കടന്നുപോവുകയും ചെയ്തു. കഴിഞ്ഞദിവസം കോടതിയുടെ അനുകൂല ഉത്തരവ് വന്നതിന് പിന്നാലെതന്നെ ഗോഡൗണിൽനിന്ന് സാധനങ്ങൾ വില്പന കേന്ദ്രങ്ങളിലേക്ക് നീക്കാൻ നടപടി തുടങ്ങിയിരുന്നു.

വില്പനയ്ക്ക് തുടക്കം കുറിച്ചപ്പോൾത്തന്നെ പലയിടത്തും ഉപയോക്താക്കളുടെ തിരക്ക് ദൃശ്യമായി. കെ റൈസ് മട്ടഅരി, വെളിച്ചെണ്ണ, മല്ലി, മുളക്, പഞ്ചസാര, പയർ, പരിപ്പ്, കടല തുടങ്ങിയ ഇനങ്ങൾക്കാണ് വിലക്കിഴിവുള്ളത്. റംസാന് വിറ്റഴിക്കാൻ ഉദ്ദേശിച്ചതുകൂടി ബാക്കിയായതിനാൽ എല്ലാ സാധനങ്ങളും സ്റ്റോക്കുണ്ടെന്നാണ് വിശദീകരണം.

അതേസമയം ചില താലൂക്ക് കേന്ദ്രങ്ങളിൽ സഹകരണസംഘങ്ങളുമായി ചേർന്ന് തീരുമാനിച്ച ചന്തകൾ ഇന്നലെ തുറക്കാനായില്ല. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംഘങ്ങൾക്ക് വീണ്ടും ബോ‌ർഡ് യോഗം ചേരേണ്ടിവന്ന സാഹചര്യത്തിലാണിത്. ഇന്ന് ഈ കേന്ദ്രങ്ങളിലും വിതരണം ആരംഭിക്കും.

സബ്സിഡി സഹായമെന്ന നിലയിൽ സർക്കാർ കൺസ്യൂമർഫെഡിന് അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇത് കൈമാറാൻ തത്കാലം കോടതിയും അനുവദിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം കണക്കുകൾ സമ‌പ്പിക്കുന്നതോടെ സബ്സിഡി തുക സ‌ർക്കാരിൽനിന്ന് അനുവദിക്കും. വിഷുച്ചന്തകൾ 19 വരെ തുടരും. എല്ലാത്തരം റേഷൻകാർഡ് ഉടമകൾക്കും സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകും. ഞായറാഴ്ചയാണ് വിഷുആഘോഷം.

സപ്ലൈകോ

സപ്ലൈകോയുടെ ഉത്സവച്ചന്തകൾ താലൂക്ക് കേന്ദ്രങ്ങളിൽ ഈസ്റ്ററിന് മുമ്പേ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ നടപടിയെടുത്തതിനാൽ വിലക്കുണ്ടായില്ല. ചന്തകളിൽ ആദ്യം പല സാധനങ്ങളുടേയും കുറവുണ്ടായിരുന്നെങ്കിലും വിഷു അടുത്തതോടെ പുതിയ ടെൻഡറുകൾ വിളിച്ച് പ്രശ്നം പരിഹരിച്ചതായും സപ്ലൈകോ വൃത്തങ്ങൾ അറിയിച്ചു.

''വിഷുച്ചന്തകളിൽ നല്ല കച്ചവടം നടക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം മാറി വരവുചെലവുകണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക് സബ്സിഡിക്ക് ചെലവഴിച്ച തുക സർക്കാരിൽനിന്ന് അനുവദിക്കും.

എം. സലീം, കൺസ്യൂമർഫെഡ്

മാനേജിംഗ് ഡയറക്ടർ