
കൊച്ചി: വെള്ളിവെളിച്ചത്തിന്റെ മാസ്മരികത കുട്ടിക്കാലം മുതൽ തൃശൂർ സ്വദേശിയും പ്രവാസിയായ ഡോ. മനോജ് ഗോവിന്ദന്റെ മനസിൽ. ആഗ്രഹസാഫ്യലത്തിനായി മൂന്ന് സിനിമകൾ നിർമ്മിച്ചു. സിനിമ നിരൂപക ശ്രദ്ധനേടിയെങ്കിലും പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിട്ടത് വെറും അഞ്ച് ലക്ഷം രൂപ. വേദനയോടെ കേട്ട ആ വാക്കുകൾക്ക് പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം നിർമ്മിച്ച് മറുപടി നൽകി മനോജ്. 24 ലൈവ് എന്ന ഒ.ടി.ടി പ്ലാറ്റ് ഫോം നടൻ മധു കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.
സമാനാനുഭവം നേരിട്ടവർ ചേർന്ന് ഒന്നരവർഷമെടുത്താണ് ഒ.ടി.ടി യാഥാർത്ഥ്യമാക്കിയത്. '' താൻ വാങ്ങിയ കാർ ഒരു ഛായാഗ്രാഹകന്റെയായിരുന്നു. അദ്ദേഹവുമായുള്ള സൗഹൃദമാണ് സിനിമയിലേക്ക് അടുപ്പിച്ചത്. സംവിധാകൻ ജയരാജുമായുള്ള സൗഹൃദത്തിന് വഴിതുറന്നു. അദ്ദേഹത്തിന്റെ കാഥികൻ, മെഹ്ഫിൽ, അവൾ എന്നീ സിനിമകൾ നിർമ്മിച്ചു.
ഇവ ഒ.ടി.ടിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ചൂഷണവുമുണ്ടായപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒ.ടി.ടി പ്ലാറ്റ് ഫോം നിർമ്മിച്ച് കഥാമൂല്യമുള്ള സിനിമകൾ ജനങ്ങളിൽ എത്തിച്ചുകൂടാ എന്ന ചിന്തയുദിച്ചത്. ദുബായിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജറാണ് മനോജ്. ഭാര്യ രേഖ. മക്കൾ: യശ്വന്ത്, സംയുക്ത.
ഒ.ടി.ടിയിൽ നാടകവും
തന്റെ ഒ.ടി.ടിയിൽ നാടകത്തിനും ഒരിടം വേണമെന്നും നേരത്തെ തീരുമാനിച്ചിരുന്നു. മികച്ച നാടകങ്ങൾ ഒ.ടി.ടിയിൽ കാണാനാകും. സ്കൂൾ ഒഫ് ഡ്രാമയുമായി ചേർന്നാണ് ഇതിന് സംവിധാനം ഒരുക്കുന്നത്.
ഒരുവർഷം 40ൽ അധികം സിനിമയാണ് പുറംലോകം കാണാതെ പോകുന്നത്. ഇങ്ങിനെയുള്ള സിനിമകൾകൂടി ജനങ്ങളിൽ എത്തേണ്ടതുണ്ട്.
ഡോ. മനോജ് ഗോവിന്ദൻ