കുറുപ്പംപടി : വേങ്ങൂർ ഇലക്ട്രിക്കൽ സബ് ഡിവിഷനു കീഴിൽ പാണംകുഴി പമ്പ് ഹൗസിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായതോടെ പമ്പിംഗ് മുടങ്ങുന്നു. പ്രത്യേകം ട്രാൻസ്‌ഫോ‌‌‌ർമർ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോട്ടോർ പ്രവർത്തിക്കുവാൻ കഴിയുന്നില്ല. രണ്ടാഴ്ച മുൻപ് മോട്ടോർ കേടായതിനാലും പൈപ്പുകൾ പൊട്ടിയതിനാലും പമ്പിംഗ് മുടങ്ങിയിരുന്നു. ഇതുമൂലം വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണവും തടസപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനും സാധിക്കുന്നില്ല. പെരിയാർവാലി കനാലുകളിൽ മുഴുവൻസമയവും വെള്ളം തുറന്നുവിട്ട് കിണറുകളിൽ വെള്ളം വറ്റാതിരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ കെ.എസ്.ഇ.ബി അധികൃതർ മുൻകൈ എടുക്കണമെന്നും മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ആവശ്യപ്പെട്ടു.