പറവൂർ: കെടാമംഗലം സദാനന്ദൻ അനുസ്മരണവും പുരസ്കാര സമർപ്പണവും ആദരിക്കലും ഇന്ന് വൈകിട്ട് അഞ്ചിന് വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടക്കും. ഉദ്ഘാടനവും പുരസ്കാരസമർപ്പണവും ജസ്റ്റിസ് എൻ. നഗരേഷ് നിർവഹിക്കും. ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിക്കും.
എസ്. ശർമ്മ, സൂരജ് സത്യൻ, സഹീർ അസി, വഞ്ചിയൂർ പ്രവീൺകുമാർ, പുളിമാത്ത് ശ്രീകുമാർ, ഒ.യു. ബഷീർ, അഡ്വ. സുജയ് സത്യൻ, വിനോദ് കെടാമംഗലം എന്നിവർ സംസാരിക്കും.
സിനിമാരംഗത്തെ കലാസാഗര പുരസ്കാരം സംവിധായകൻ ജയരാജ്, പ്രൊഫഷണൽ നാടകരംഗത്തെ ശ്രേഷ്ഠകലാനിധി പുരസ്കാരം വക്കം ഷക്കീർ, കഥാപ്രസംഗരംഗത്തെ കാഥികരത്ന പുരസ്കാരം നരിക്കൽ രാജീവ്കുമാർ, അമേച്വർ നാടകരംഗത്തെ കലാശ്രേഷ്ഠ പുരസ്കാരം അഡ്വ. വി.ഡി. പ്രേംപ്രസാദ് എന്നിവർ സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
കലാരംഗത്ത് വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രദീപ് റോയ്, സേതുനാഥ്, സിനീഷ് ചന്ദ്രൻ കെടാമംഗലം എന്നിവരെ ആദരിക്കും. തുടർന്ന് കാഥികൻ സൂരജ് സത്യൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം - കർണൻ. കെടാംഗലം സദാനന്ദൻ സ്മാരക കലാസാഹിത്യ വേദി, കേസരി സദസ്, വെളുത്താട്ട് ക്ഷേത്രം ട്രസ്റ്റ് എന്നിവരാണ് സംഘാടകർ.