കൊച്ചി: കത്തുന്ന വെയിലിനെ ചെറുക്കാൻ നാടെങ്ങും തണ്ണീർ പന്തലുകൾ. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുടുംബ ശ്രീയും സന്നദ്ധ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം പൊതുജനങ്ങൾക്ക് ദാഹജലമൊരുക്കാൻ തണ്ണീർ പന്തലൊരുക്കി മുന്നിലുണ്ട്.
തണ്ണിമത്തൻ ജ്യൂസ്, സംഭാരം, കട്ട്ഫ്രൂട്‌സ്, നാരങ്ങാവെള്ളം, ഐസ് വാട്ടർ എന്നിവയൊക്കെയാണ് വിവിധയിടങ്ങളിൽ നൽകുന്നത്. നഗരത്തിലെ പി.ടി. ഉഷ റോഡിലും ഇളംകുളം അമ്പലത്തിനു സമീപത്തെ റോഡിലും മാർക്കറ്റ് റോഡിലുമെല്ലാം ഇങ്ങനെ ദാഹമകറ്റാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. മാർക്കറ്റ് റോഡിൽ ഫ്രീസർ വച്ച് അതിലൂടെ ഐസ് വാട്ടറാണ് നൽകുന്നത്. ആർക്ക് വേണമെങ്കിലും വെള്ളം ഇവിടെ നിന്നെടുക്കാം.
കൂടുതലും കുടുംബശ്രീ
കുടുംബ ശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററുകളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന തണ്ണീർ പന്തലുകളാണ് നാട്ടിൽ ഏറെയും. ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം ക്യാമ്പയിന്റെ ഭാഗമായാണ് വിഷു വിപണന മേളകളോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സി.ഡി.എസ് ഭരണസമിതി, കമ്മ്യൂണിറ്റി കൗൺസിലർ, എഫ്.എൻ.എച്ച്.ഡബ്ല്യു ആർ.പി. മാർ, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, ജെൻഡർ പോയിന്റ് പേഴ്‌സണ്മാർ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ തണ്ണീർ പന്തലുകൾ സജ്ജമാക്കുന്നത്.
ജില്ലയിലെ ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം, രാമമംഗലം, മുളന്തുരുത്തി, പാലക്കുഴ, രായമംഗലം, അശമന്നൂർ, പല്ലാരിമംഗലം, കോതമംഗലം, പൈങ്ങോട്ടൂർ, കുട്ടമ്പുഴ, കൂവപ്പടി, പിണ്ടിമന, കവളങ്ങാട്, വാഴക്കുളം തുടങ്ങി മുപ്പതിലേറെ സ്ഥലങ്ങളിലാണ് സി.ഡി.എസുകളിലെ കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് തണ്ണീർപന്തൽ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ തണ്ണീർപ്പന്തൽ ഒരുക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്.
ഇന്നലെയും കനത്ത ചൂട്
സമീപ ജില്ലകളായ കോട്ടയത്തും ആലപ്പുഴയുടെ വിവിധ പ്രദേശങ്ങളിലും ജില്ലയുടെ കിഴക്കൻ മേഖലകളിലുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മംഴ പെയ്‌തെങ്കിലും എറണാകുളം നഗരത്തിൽ ഇതുവരെ മഴയെത്തിയിട്ടില്ല. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളുമെല്ലാം 36 ഡിഗ്രിക്കു മുകളിലാണ് താപനില. ജില്ലയിൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.