1

ഫോർട്ട് കൊച്ചി: നവീകരണം നടക്കുന്ന ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്ക് ഓരോ അവധിക്കാലത്തും ഉദ്ഘാടനം നീണ്ടുപോയതോടെ സമീപ പ്രദേശത്തെ കുട്ടികൾ കൂട്ടത്തോടെ പാർക്കിൽ കയറി. പാർക്കിന്റെ നവീകരണം പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടി കാട്ടി ജനപ്രതിനിധികൾക്ക് സൗകര്യപ്രദമായ സമയത്ത് ഉദ്ഘാടനം ചെയ്യുവാനായിരുന്നു അധികൃതരുടെ നീക്കം. നവീകരണം പൂർത്തിയാക്കി കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. പിന്നീട് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നായി. എന്നാൽ നിർമ്മാണം ഇഴഞ്ഞു നീങ്ങിയതോടെ പറഞ്ഞ കാലാവധികൾ എല്ലാം മാറി മറിഞ്ഞു. ചുറ്റുമതിൽ കെട്ടുന്ന ജോലികളൊഴികെ ബാക്കി എല്ലാം തീർന്നിട്ടും ഈ വേനലവധിക്ക് തുറന്ന് കിട്ടില്ലെന്ന് ആയതോടെ കുട്ടികളും വിഷമിച്ചു. ഒടുവിൽ സമീപ സ്ഥലങ്ങളിലെ കുട്ടികൾ ചേർന്ന് പെരുന്നാൾ ദിനത്തിൽ പാർക്കിലേക്ക് കയറുകയായിരുന്നു. കുട്ടിക്കൂട്ടം കയറിയതോടെ ബീച്ചിലെത്തിയ സഞ്ചാരികളുടെ മക്കളും പാർക്കിലേക്ക് കയറി. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ 2 ദിവസങ്ങളായി പാർക്കിൽ നല്ല തിരക്കാണ്.