മൂവാറ്റുപുഴ: പൊള്ളുന്ന വേനലിൽ പരിപാലനചെലവ് മൂന്നിരട്ടിയാകുകയും പാൽ ഉത്പാദനം വലിയ തോതിൽ കുറയുകയും ചെയ്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. പച്ചപ്പുല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കടുത്തവേനലിൽ ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലുകളെല്ലാം മിക്കയിടത്തും കരിഞ്ഞുണങ്ങി കഴിഞ്ഞു. ജില്ലയുടെ കിഴക്കൻ മേഖലയിൽ പശുവിന് തീറ്റിയായി കൊടുക്കുന്ന പൈനാപ്പിൾ ഇലയ്ക്കും വില കുത്തനെ കയറി. കിലോഗ്രാമിന് 1 .15 രൂപയായിരുന്നു പൈനാപ്പിൾ ഇലയുടെ വില 2.30 രൂപയായി ഉയർന്നു. കാലിത്തീറ്റ വിലയാകട്ടെ 1600 രൂപയിലേക്ക് കുതിക്കുകയാണ്.
വേനൽ ചൂടിനെ പ്രതിരോധിക്കാൻ തൊഴുത്തുകളിൽ കർഷകർ നടത്തുന്ന ക്രമീകരണങ്ങളും വലിയ തുക ചെലവാകുന്നുണ്ട്. ഇതിനിടയിലാണ് പാൽ ഉൽപാദനം കുറയുന്നത്. പശു ഫാമുകളിൽ താപനില ഉയരാതെ സൂക്ഷിക്കാൻ ഹെവി ഡ്യൂട്ടി എക്ഹോസ്റ്റ് ഫാനും തൊഴുത്തിന്റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സ്പ്രിൻക്ലർ സ്ഥാപിക്കാനും വലിയ തുക ചെലവാക്കിയിട്ടും 20% മുതൽ 25% വരെ പാൽ ഉത്പാദനം കുറഞ്ഞിട്ടുണ്ടെന്നു കർഷകർ പറയുന്നു. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുമ്പോൾ ചൂട് വർധിക്കുകയും പാൽ ഉത്പാദനം പകുതിയോളം കുറയുകും ചെയ്യുന്നു. കടുത്ത വേനൽച്ചൂടിൽ കറവപ്പശുക്കൾ തളർന്നുവീഴുന്ന സംഭവങ്ങളും സാധാരണയാണ്. ചൂട് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതുമാണ് പാൽ ലഭ്യതയിൽ കുറവു വരുത്തുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ചു കിതപ്പും കൂടും. വായിൽ നിന്നു നുരയും പതയും വരും ഇതിനൊപ്പം നീർക്കെട്ടും, പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ തികച്ചും അവശരാകുന്ന സ്ഥിതിയുമുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ
വെയിലുള്ള സമയങ്ങളിൽ പശുക്കളെ തുറസായ സ്ഥലത്തു മേയാൻ വിടരുത്
തൊഴുത്തിനു മുകളിൽ നനഞ്ഞ ചാക്കും മറ്റും വിരിയ്ക്കുക
തൊഴുത്തിൽ ഫാൻ, ഷവർ എന്നിവ സ്ഥാപിക്കുക
ഇടയ്ക്കിടെ പശുക്കളെ കുളിപ്പിക്കുക
സാധാരണ തൊഴുത്തുകളിൽ വളർത്തുന്ന പശുക്കളുടെ പാൽ ഉത്പാദന ക്ഷമത താഴ്ന്നത് 40 ശതമാനം
ശരിയായ രീതിയിൽപശുക്കളെ സംരക്ഷിക്കുകയും ശരിയായ നിലയിൽ കാലിത്തീറ്റ നൽകുകയും ചെയ്യുന്ന ക്ഷീര കർഷകന് പ്രതിഫലമായി കിട്ടുന്നത് ദുരിത ജീവിതവും സാമ്പത്തികബാദ്ധ്യതയും
കെ.പി. റെജികുമാർ
ക്ഷീര കർഷകൻ