 
കോലഞ്ചേരി: ഐരാപുരം റബർപാർക്കിനടുത്ത് പാതാളപ്പറമ്പിൽ പെരിയാർവാലി കനാലിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട തെക്കേവാഴക്കുളം തടിയിട്ടപറമ്പ്
പത്തനായത്ത് സെയ്തു മുഹമ്മദിന്റെ മകൾ സന ഫാത്തിമ (13) മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബന്ധുക്കളായ രണ്ടുപേരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിലകപ്പെട്ട സനയെ അപകടം നടന്ന സ്ഥലത്തു നിന്നും 500 മീറ്റർ അകലെ നിന്നുമാണ് കണ്ടെത്തിയത്. ഉടനടി കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റിയെങ്കിലും രാത്രി വൈകി മരിച്ചു.
ബന്ധുക്കളായ മറ്റ് രണ്ടു പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പാതാളപ്പറമ്പ് പള്ളിക്ക് സമീപമുള്ള ഹൈലെവൽ കനാലിലാണ് മൂവരും ബന്ധുവായ യുവതിക്കൊപ്പം കുളിക്കാനെത്തിയത്. കുട്ടികൾ ഒഴുക്കിൽപ്പെട്ടപ്പോൾ യുവതി ഒച്ചവച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. റംസാൻ പെരുന്നാളിനോടനുബന്ധിച്ചാണ് കുട്ടികൾ പാതാളപ്പറമ്പിലെ അമ്മ വീട്ടിലെത്തിയത്. സഹോദരിമാരുടെ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. സംസ്ക്കാരം നടത്തി.