കൊച്ചി: പഴക്കുലകളും മാമ്പഴവും നൽകി ഹൈബി ഈഡന് വോട്ടർമാരുടെ വലവേൽപ്പ്. ഇന്നലെ രാവിലെ കതൃക്കടവ് ജംഗ്ഷനിൽ നിന്നാണ് ഹൈബി ഈഡന്റെ പര്യടനം ആരംഭിച്ചത്. കടവന്ത്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സ്വീകരണം. നൂറിലേറെ പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പാലാത്തുരുത്തി ജംഗ്ഷനിലും കുടുംബി കോളനി ജംഗ്ഷനിലും വിഷുക്കാഴ്ചകളുമായി കുട്ടികളടക്കം വൻ ജനാവലിയാണ് ഹൈബിയെ സ്വീകരിക്കാനെത്തിയത്. തുടർന്ന് വൈറ്റില മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും 20 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഉച്ച വരെയുള്ള പ്രചാരണം പാരഡൈസ് റോഡിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികൾ കടുപ്പത്ത് നിന്നാരംഭിച്ചു. തുടർന്ന് തമ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാലാരിവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണ പരിപാടികൾ പാലാരിവട്ടം ജംഗ്ഷനിൽ ആരംഭിച്ചു. രാത്രിയിൽ കറുകപ്പള്ളിൽ സമാപിച്ചു.
പറവൂരിൽ ആവേശമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി: നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പറവൂരിനെ ഇളക്കിമറിച്ചായിരുന്നു എൻ.ഡി എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം. വരാപ്പുഴയിൽ നിന്നും ആരംഭിച്ച് ചെറിയപ്പള്ളി, മന്നം, നമ്പൂരിയച്ചൻ പ്ലാവ്, പറയാട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് അണ്ടിശേരി ക്ഷേത്രത്തിൽ സമാപിച്ചു. വരാപ്പുഴയിൽ ബി.ജെ.പി നേതാവ് എം.എ. ബ്രഹ്മരാജ് പര്യടനപരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.എൻ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം പദ്മജ എസ്. മേനോൻ, ജില്ലാ സെക്രട്ടറി ആർ.സജികുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്. ഉദയകുമാർ, ഇ.എസ്. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സോമൻ ആലപ്പാട്ട്, വടക്കേക്കര മണ്ഡലം പ്രസിഡന്റ് സിമി തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജനഹൃദയങ്ങൾ കീഴടക്കി ഇടതുമുന്നണിയുടെ പര്യടനം
കൊച്ചി: ജനഹൃദയങ്ങൾ കീഴടക്കി ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ.ഷൈൻ തൃപ്പൂണിത്തുറയിൽ. പതിനായിരങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിലൂടെ സ്ഥാനാർത്ഥി പര്യടനം കടന്നുപോയത്. കോഴിവെട്ടുവെളിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. വിവിധ പ്രദേശങ്ങളിൽ പ്രവർത്തകർ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചക്ക് ശേഷം ഐ.ഒ.സി ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് മേക്കെവെളി, കോഴിക്കരി, പുത്തൻകാവ്, പൂത്തോട്ട, തണ്ടാശേരി, ചക്കത്തുകാട്, മുതിരപ്പറമ്പ്, പനച്ചിക്കൽ, പി.കെ.എം.സി, മാങ്കായിക്കടവ്, മാർക്കറ്റ്, മുച്ചൂർക്കാവ്, തെരേക്കൽ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.