മട്ടാഞ്ചേരി: വിഷുക്കണിയൊരുക്കിയും ക്ഷേത്രഭൂമിയെ കാർഷിക ഭൂമിയാക്കിയും ഭക്തജന കുട്ടായ്മ രംഗത്ത്. മട്ടാഞ്ചേരി കൊട്ടാരവളപ്പിലെ ക്ഷേത്രഭൂമിയിലാണ് പച്ചക്കറി കൃഷിക്ക് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തുടക്കമിടുന്നത്. പഴയന്നൂർ അഴി തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതിയാണ് വിപുലമായ വിഷുക്കണിയും പച്ചക്കറി കൃഷിയുമൊരുക്കുന്നത്. വിഷു ദിനത്തിൽ വിഷു കൈനീട്ടവും പ്രസാദവിതരണവും നടക്കും. തുടർന്ന് ക്ഷേത്ര സർപ്പക്കാവിനോട് ചേർന്നുള്ള മുന്ന് ഏക്കറോളം സ്ഥലത്ത് പച്ചക്കറികൃഷിയിറക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു. ദേവസ്വംബോർഡിന്റെ സഹകരണത്തോടെയാണ് പദ്ധതി.

2018 ൽ ക്ഷേത്ര ഭൂമിയിൽ ഉപദേശക സമിതി നക്ഷത്ര വനത്തിന് തുടക്കം കുറിച്ചിരുന്നു. കുടാതെ ഔഷധതോട്ടം , ശാന്തിക്കുളത്തിന് സമീപം പുന്തോട്ടം എന്നിവയുമൊരു ക്കിയിട്ടുണ്ട്.