തൃപ്പൂണിത്തുറ: കേസന്വേഷിക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥനെ നായ്ക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്. രാജീവ്നാഥിനാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്.
തെരുവ് നായ്ക്കളെ വീട്ടിൽ സംരക്ഷിക്കുന്ന ചാത്താരിയിലുള്ള സ്ത്രീ ഹിൽപാലസ് സ്റ്റേഷനിൽ കൊടുത്ത പരാതി അന്വേഷിക്കാൻ ഇന്നലെ വൈകിട്ട് 5.30 ഓടെ അവരുടെ വീട്ടിനടുത്തെത്തിയ പൊലീസ് ഓഫീസറെ വീട്ടുവളപ്പിലുണ്ടായിരുന്ന 30 ഓളം നായ്ക്കൾ ഗേറ്റിനിടയിലൂടെയും മറ്റും പുറത്ത് ചാടി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ ഇരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ ഇരുകാലുകളിലും പട്ടികൾ മത്സരിച്ച് കടിച്ച് ആഴത്തിൽ മുറിവേൽപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ ഇരുകാലുകളിലും സാരമായ പരിക്കുകളുമായി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജാശുപത്രിയിലും ചികിത്സ തേടി.