കൊച്ചി: നൂറ്റാണ്ടിന്റെ പഴക്കമുള്ള എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ട് നവീകരിക്കും. കൂടുതൽ പരിപാടികളും ആളുകളെയും ലക്ഷ്യമിട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാകും (ഡി.ടി.പി.സി) ഗ്രൗണ്ട് നവീകരിക്കുക. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിർദ്ദേശം ഡി.ടി.പി.സി കൊച്ചി സ്മാർസിറ്റി മിഷൻ ലിമിറ്റഡിനു സമർപ്പിച്ചു.

കുട്ടികളുടെ ചെറു പാർക്ക്, റേഡിയോ സ്‌റ്റേഷൻ, ബുക്കുകളുടെ കിയോസ്‌ക്, വി.ആർ ഗെയിമിംഗ് കേന്ദ്രങ്ങങ്ങൾ എന്നിവയൊരുക്കി കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്. 1.5 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ട് 2010ലാണ് ഡി.ടി.പി.സി ലക്ഷങ്ങൾ മുടക്കി വലിയ തോതിൽ നവീകരിച്ചത്. ഇതിനു ശേഷം വർഷങ്ങൾക്കിപ്പുറം നടപ്പാതയും ഓപ്പൺ സ്റ്റേജുമെല്ലാം സി.എസ്.എം.എൽ നവീകരിച്ചിട്ട് ഒന്നര വർഷത്തിനടുത്ത് മാത്രമേ ആകുന്നുള്ളു. സ്‌റ്റേജിന്റെയും ഗ്രീൻ റൂമുകളുടെയും നവീകരണം, ഹൈമാസ്റ്റ് ലൈറ്റും മറ്റ് ലൈറ്റുകളും ടോയ്‌ലറ്റുകളും ഉൾപ്പടെയുള്ളവയുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതും സി.എസ്.എം.എൽ ആണ് ചെയ്യുന്നത്. ഇതിനു പുറമേയാണ് ഡി.ടി.പി.സി പുതിയ പദ്ധതിയുമായി വീണ്ടുമെത്തുന്നത്. റേഡിയോ സ്‌റ്റേഷനിലൂടെ സംഗീതമാസ്വദിക്കലും കുട്ടികൾക്ക് പാർക്കിലേക്കുള്ള പ്രവേശനവുമെല്ലാം സൗജന്യമായിരിക്കുമെന്നാണ് വിവരം.

നവീകരണവുമായി ബന്ധപ്പെട്ട് സി.എസ്.എം.എല്ലുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാകും മറ്റ് ചർച്ചകൾ.

കുട്ടികളുടെ പാർക്ക്

വൈകുന്നേരങ്ങളിൽ കുട്ടികളുമായി ഗ്രൗണ്ടിലെത്തുന്നവർ ഏറെയാണ്. വലി​യ പരിപാടികൾ നടക്കുമ്പോഴും കുട്ടികളേറെ ഇവിടെയെത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കുട്ടികൾക്കായി മാത്രം ചെറുപാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഏത് പ്രായത്തിലുള്ള കുട്ടികൾക്കാണ് പ്രവേശനമെന്നത് തീരുമാനിച്ചിട്ടില്ല. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ പാർക്ക് സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമാകൂ.


ഗെയിമിംഗ് സെന്റർ

കുട്ടികൾക്ക് മാത്രമായുള്ളതാകും ഗെയിമിംഗ് സെന്ററുകൾ. ഏതൊക്കെ ഗെയിമുകളെന്ന് തീരുമാനിച്ചിട്ടില്ല. ഓഡിയോ- വീഡിയോ ഗെയിമുകൾ ഉൾപ്പെടെയുള്ളവയാണ് സാധാരണ ഗെയിമിംഗ് സെന്റുകളിൽ ഉണ്ടാവുക. ഗെയിമിംഗ് സെന്ററിലേക്കുള്ള പ്രവേശനം സൗജന്യമാണോ എന്ന് വ്യക്തചമല്ല.


ബുക്കുകളുടെ കിയോസ്‌ക്

ഗ്രൗണ്ടിലെത്തുന്ന പുസ്തക പ്രേമികൾക്ക് വായിക്കാനുള്ള തരത്തിൽ പുസ്തകങ്ങളുള്ള കിയോസ്‌കുകൾ ആണ് പ്രഥമ പരിഗണനയിൽ. ബുക്കുകൾ വിലക്ക് വാങ്ങാനുള്ള തരത്തിലാണോ ലൈബ്രറിക്ക് സമാനമായി ശേഖരിച്ചു വച്ച ശേഷം ഇവിടെ നിന്ന് സൗജന്യമായോ ചെറുഫീസു നൽകിയോ വായിക്കാനാകുന്ന തരത്തിലാണോ എന്നത് അടുത്തഘട്ട ചർച്ചയിലെ തീരുമാനമാകൂ.


റേഡിയോ സ്‌റ്റേഷൻ

സന്ദർശകർക്ക് സംഗീതമാസ്വദിക്കാം. മുഴുവൻ സമയവും പാട്ടുകൾ പ്ലേ ചെയ്യുന്ന തരത്തിലുള്ളതാണ് പ്രാഥമിക പദ്ധതിയിലുള്ളത്.

സതീശ് മി​റാൻഡ

സെക്രട്ടറി​, ഡി​.ടി​.പി​.സി​.