modi

കൊച്ചി: കേരളം വിഷു ആഘോഷത്തിമിർപ്പിൽ മുങ്ങിനിൽക്കെ, രാഷ്ട്രീയ ആരോപണങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. കരുവന്നൂരും സ്വർണക്കടത്തും പരാമർശിച്ച് കഴിഞ്ഞവരവിൽ സി.പി.എമ്മിനെ കടന്നാക്രമിച്ച മോദി, ഇക്കുറി ആരോപണങ്ങളുടെ മൂർച്ചകൂട്ടുമെന്നാണ് സൂചന.

എൻ.ഡി.എയുടെ സൂപ്പർ സ്റ്റാർ പ്രചാരകനായ നരേന്ദ്രമോദിയുടെ കേരളത്തലേയ്ക്കുള്ള വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി പ്രവർത്തകർ. തൃശൂർ-തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് കേരളാ സന്ദർശനത്തിന് പിന്നിൽ.

രാത്രി ഒമ്പതിന് കൊച്ചി നാവിക വിമാനത്താവളത്തിൽ വിമാനമിറങ്ങും. അന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി പുലർച്ചെ അഞ്ചിന് തൃശൂരിലേക്ക് തിരിക്കും. രാത്രി ഒമ്പതോടെ മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പിറ്റേന്ന് തിരുവനന്തപുരത്തേയ്ക്ക് പറക്കും. ഇവിടുത്ത പൊതുപരിപാടിക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കൊച്ചിയിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി കടന്ന് പോകുന്ന പാതയും താമസിക്കുന്ന സ്ഥലവുമെല്ലാം ഇന്നലെ ഉച്ചയോടെ എസ്.പി.ജി ഏറ്റെടുത്തു.

നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോരുകയും വധഭീഷണിക്കത്ത് പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ സുരക്ഷയിൽ അതീവശ്രദ്ധയാണ് പുലർത്തുന്നത്. ഇന്ന് രാത്രിയും നാളെ രാവിലെയും നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ പോയിന്റിലും അഞ്ചിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി കമ്മിഷണറുടെ അദ്ധ്യക്ഷതയിൽ സുരക്ഷ വിലയിരുത്തി. രാത്രി വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ ട്രയൽ നടത്തി. ആറ് എസ്.പിമാർ, 10ലധികം ഡിവൈ.എസ്.പിമാർ. 1000ലധികം പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

 അവധിയില്ലാതെ പൊലീസുകാർ

പ്രധാനമന്ത്രിയുടെ വരവിൽ കൊച്ചി സിറ്റിയിലെ പൊലീസുകാരുടെ വിഷു ആഘോഷം സുരക്ഷാ വലയത്തിലായി. അതീവ സുരക്ഷയൊരുക്കുന്നതിനാൽ ആർ ക്കും അവധി നൽകിയിട്ടില്ല. പ്രധാനമന്ത്രി രാത്രി ഒമ്പതിനേ എത്തുകയുള്ളുവെന്നതിനാൽ ജില്ലയിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉച്ചയ്ക്ക് കുടുംബത്തോടൊപ്പം വിഷുസദ്യ കഴിക്കാനാകും വിധം ഡ്യൂട്ടി ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ വൈകിട്ട് എല്ലാവരും ഡ്യൂട്ടിൽ ഉണ്ടാകണമെന്നാണ് നിർദ്ദേശം. മുൻകൂട്ടി തീരുമാനിച്ച യാത്രകളും മറ്റും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.