പറവൂർ: വടക്കേക്കര വിജ്ഞാന പ്രകാശകസംഘം ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നാളെ നടക്കും. പള്ളിവേട്ട മഹോത്സവദിനമായ ഇന്ന് പുലർച്ചെ വിഷുക്കണി ദർശനം, നിർമ്മാല്യദർശനം, അഭിഷേകം, വിശേഷാൽപൂജ. രാവിലെ 11നും വൈകിട്ട് 4നും കുറിച്ചിത്താനം ജയകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകിട്ട് 5ന് ശ്രീബലി എഴുന്നള്ളിപ്പ്, ദീപക്കാഴ്ചയ്ക്കു ശേഷം മോതിരം വച്ചുതൊഴൽ, രാത്രി 7ന് പാണ്ഡവാസ് ഫ്ളോക്ക് മ്യൂസികിന്റെ ആദരം, 10ന് പള്ളിവേട്ട പുറപ്പാട്. നാളെ രാവിലെ 8ന് തിടമ്പിന് വേണ്ടിയുള്ള ഗജവീരന്മാരുടെ തലപ്പൊക്കമത്സരം നടക്കും. രണ്ടു ചേരുവാരങ്ങളുടേയും ഒരോ ഗജവീരൻ തിടമ്പു നിർണയ മത്സരത്തിൽ പങ്കെടുക്കും. ഇരു ചേരുവാരങ്ങളും മത്സരത്തിനായി കൊണ്ടുവരുന്ന ഗജവീരന്മാരുടെ പേര് പുറത്തുവിട്ടിട്ടില്ല. കേരളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള ഗജവീരന്മാരാണ് അണിനിരക്കുന്നതിനാൽ ഇത്തവണയും മത്സരം കടുക്കും. തിടമ്പിനുള്ള മത്സരത്തിനു ശേഷം ശ്രീബലി എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് 4ന് പകൽപ്പൂരം, 5ന് കുടമാറ്റം, അഞ്ചരയ്ക്ക് കൂട്ടിയെഴുന്നള്ളിപ്പ്, സംയുക്ത പഞ്ചവാദ്യം, ദീപാരാധനയ്ക്ക് ശേഷം മോതിരം വച്ചു തൊഴൽ, രാത്രി 9ന് വർണവിസ്മയം, പുലർച്ചെ 3ന് ആറാട്ട് എഴുന്നള്ളിപ്പ്. പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയ്ക്കു ശേഷം കൊടിയിറങ്ങും.