
കൊച്ചി: മൾട്ടിപ്ലക്‌സ് തിയേറ്റർ ശൃംഖലയായ പി.വി.ആർ ഐനോക്സും മലയാള സിനിമാസംഘടനകളുമായുള്ള തർക്കം പരിഹരിച്ചു. പി.വി.ആർ നിറുത്തിവച്ച മലയാള സിനിമകളുടെ പ്രദർശനം ഇന്നലെ വൈകിട്ട് പുനരാരംഭിച്ചു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് യൂണിയനും ഉൾപ്പെടെയുള്ള സംഘടനകൾ പി.വി.ആറിനെ ബഹിഷ്കരിക്കാനും പ്രത്യക്ഷ സമരങ്ങൾക്കും തീരുമാനിച്ചതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മുൻകൈയെടുത്ത് ഓൺലൈനിൽ മദ്ധ്യസ്ഥ ചർച്ചകൾ നടത്തി സമവായത്തിലെത്തിയത്.
തർക്കമുള്ള എറണാകുളം ഫോറം മാളിലെയും കോഴിക്കോട് മിറാഷിലെയും സ്ക്രീനുകളിലൊഴികെ വൈകിട്ട് പ്രദർശനം പുനരാരംഭിച്ചു. രണ്ട് സ്ഥലത്തെയും പ്രശ്നങ്ങളിൽ പിന്നീട് ചർച്ചയുണ്ടാകുമെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചർച്ചകളിൽ പി.വി.ആർ. ഐനോക്സ്ചെയർമാൻ അജയ് ബിജിലി, എം.എ.യൂസഫലി, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ പ്രൊജക്ഷന് വേണ്ടി മലയാള സിനിമകൾ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിംഗ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യു.എഫ്.ഒ, ക്യൂബ് തുടങ്ങിയ കമ്പനികളാണ്. ഇവ ഉയർന്ന നിരക്ക് ഈടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന പേരിൽ സ്വന്തമായി മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. കൊച്ചിയിലെ ഫോറം മാളിൽ പി.വി.ആർ ആരംഭിച്ച പുതിയ മൾട്ടിപ്ലെക്‌സിലും ഇതിനായുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്. യു.എഫ്.ഒയുടെ പ്രൊജക്ഷൻ സംവിധാനം ഉപയോഗിക്കുന്ന പി.വി.ആർ ഇതിന് തയ്യാറല്ലായിരുന്നു.
'മഞ്ഞുമ്മൽ ബോയ്സ് '
നിർമ്മാതാക്കളുടെ
അക്കൗണ്ട് മരവിപ്പിച്ചു
കബളിപ്പിച്ചെന്ന് പരാതി
കൊച്ചി: ബോക്സോഫീസ് റെക്കാഡിട്ട 'മഞ്ഞുമ്മൽ ബോയ്സ്" സിനിമയുടെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവ്. സിനിമയ്ക്കായി ഏഴു കോടി മുടക്കിയെന്നും മുടക്കുമുതലോ ലാഭവിഹിതമോ നൽകിയില്ലെന്നും അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് നടപടി.
നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് നിക്ഷേപമാണ് ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടിസ് അയയ്ക്കുകയും ചെയ്തു.
സിനിമയ്ക്ക് സാമ്പത്തികസഹായം ചെയ്തപ്പോൾ നിർമ്മാതാക്കൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പണം കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നു ഹർജിയിൽ പറയുന്നു. മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ 220 കോടി രൂപ കളക്ഷൻ നേടി. ഒ.ടി.ടി കരാർ മുഖേന 20 കോടിയോളം രൂപ കിട്ടിയെന്നും ഹർജിക്കാരൻ വാദിച്ചു. നിർമ്മാതാക്കളുടെ മറുപടിക്ക് ശേഷം തുടർവാദമുണ്ടാകും.