photo
അഴീക്കൽ ചെറായി ശ്രീവരാഹദേവസ്വം ക്ഷേത്രത്തിൽ ചൈത്രമാസ മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം

വൈപ്പിൻ: അഴീക്കൽ ചെറായി ശ്രീവരാഹദേവസ്വം ക്ഷേത്രത്തിൽ ചൈത്രമാസ മഹോത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം ഭക്തിസാന്ദ്രമായി. ശ്രീകോവിലിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാനെ വെള്ളിപല്ലക്കിലേറ്റി ക്ഷേത്രത്തിന് കിഴക്കേനടയിൽ കൊണ്ടുവന്ന് തങ്കരഥത്തിൽ ഉപവിഷ്ടനാക്കി. തന്ത്രി ഡി.ജെ. രവികുമാർ ഭട്ടിന്റെ കാർമ്മികത്വത്തിൽ ആരതി ഉഴിഞ്ഞശേഷം നടന്ന രഥയാത്ര ക്ഷേത്രത്തെ വലംവെച്ച് കിഴക്കെ നടയിൽ സമിപിച്ചു. രഥോത്സവത്തിന് ശേഷം ആലങ്കുടി എ.വി. പക്കിരിസ്വാമി, ഗോപാലകൃഷ്ണൻ പാർട്ടിയുടെ നാദസ്വരക്കച്ചേരി നടന്നു. ആറാട്ട്, പഞ്ചാരി മേളം, വഞ്ചിയെടുപ്പ്, നാദസ്വരകച്ചേരി, കരകാട്ടം, രജതഗരുഡവാഹന പൂജ. തുടർന്ന് അവഭൃത സ്‌നാനത്തോടെ ചടങ്ങുകൾ സമാപിച്ചു. ആഘോഷങ്ങൾക്ക് പ്രസിഡന്റ് ഡി.എസ്. മനോഹര പൈ, ഭരണാധികാരി ഡി.എം. മുരളിപ്രഭു എന്നിവർ നേതൃത്വം നൽകി.