ldf
സ്ഥാനാർത്ഥി പര്യടനത്തിനിടയിൽ കുത്തുങ്കൽ വാഹനപകടം അറിഞ്ഞ ജോയ്സ് ജോർജും ഇടതുപക്ഷ നേതാക്കളും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ജോയ്സ് ജോർജിന് ഊഷ്മള സ്വീകരണം നൽകി രാജക്കാട്. ഇന്നലെ രാവിലെ 8ന് എൻ. ആർ. സിറ്റിയിൽ നിരവധിയാളുകളാണ് സ്ഥാനാർഥിയെ സ്വീകരിക്കാനും അഭിവാദ്യം ചെയ്യാനും എത്തിയത്. കണിക്കൊന്നയും വിവിധയിനം ഫലങ്ങളും, വാഴക്കുലകളും നൽകിയും ഹാരവും പൊന്നാടയുമണിയിച്ചും നിരവധി പേർ സ്ഥാനാർഥിയെ സ്വീകരിച്ചു. രാജക്കാട് സംഘടിപ്പിച്ച പ്രചാരണ ജാഥയിലും തുടർന്ന് നടന്ന യോഗത്തിലും നിരവധി പേർ പങ്കെടുത്തു. രാജക്കാട്ടിലെ പര്യടനം പൂർത്തിയാക്കി മുല്ലക്കാനത്തേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് കുത്തുങ്കൽ വാഹനപകടം അറിയുന്നത്. സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്നവരും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വാഹന ഡ്രൈവർമാർക്ക് സ്ഥലത്തെ കുറിച്ചുള്ള പരിചയക്കുറവാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്നും, തമിഴ്നാട്ടിൽ നിന്നെത്തുന്ന ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തേണ്ടതിന്റെ ആവശ്യകത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോയ്സ് പറഞ്ഞു. വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാജക്കാട് മേഖലയിലെ അഞ്ച് കേന്ദ്രങ്ങളിലെ പര്യടനങ്ങൾ ഒഴിവാക്കി. മുല്ലക്കാനം, പന്നിയാർകുട്ടി, പഴയവിടുതി, കുത്തുങ്കൽ, വട്ടക്കണ്ണിപ്പാറ എന്നിവിടങ്ങളിലെ പര്യടനമാണ് ഒഴിവാക്കിയത്.