നെടുമ്പാശേരി: സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതി കുന്നുകര ഗ്രാമപഞ്ചായത്തിൽ ജനജീവൻ കവരുന്ന പദ്ധതിയായി മാറിയെന്ന് പരാതി. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുന്നുകരയിലെ റോഡുകൾ കുത്തിപ്പൊളിച്ചിട്ട് രണ്ട് വർഷത്തോളമായെങ്കിലും പദ്ധതി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെന്നാണ് പരാതി. ഒരു റോഡ് പോലും ഇതുവരെ സഞ്ചാര യോഗ്യമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുന്ന അവസ്ഥയാണ്. പൈപ്പിടൽ പൂർത്തീകരിച്ച് റോഡ് കൈമാറിയിട്ടില്ലെന്നാണ് പി.ഡബ്ളിയു.ഡി പറയുന്നത്. ഇരുചക്ര വാഹനങ്ങളും സൈക്കിൾ യാത്രക്കാരും അടക്കം നിരവധി പേരാണ് തകർന്ന റോഡിലുടെ സഞ്ചരിച്ച് ദിനംപ്രതി അപകടത്തിൽപ്പെടുന്നതെന്നും നാട്ടുകാർ പറഞ്ഞു. കുടിവെള്ളം ലഭ്യമാക്കാൻ മോട്ടോർ സ്ഥാപിക്കുന്നതിനോ ടാങ്ക് നിർമ്മാണത്തിനോ യാതൊരു നടപടിയും വാട്ടർ അതോറിട്ടി സ്വീകരിച്ചിട്ടില്ല. ഇപ്പോൾ കുടിവെള്ളവുമില്ല റോഡുമില്ല എന്ന സ്ഥിതിയാണ്. റോഡുകൾ പുനർനിർമ്മിക്കുന്നതിനും കുടിവെള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്യുമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ സുധീർ പറഞ്ഞു.