ആലുവ: തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിലെത്തുന്നതിനാൽ എറണാകുളം, തൃശൂർ ജില്ലകളിലെ പൊലീസുകാർക്ക് വിഷു അവധിയില്ല. എറണാകുളം റൂറൽ ജില്ലയിലെ എല്ലാ പൊലീസുകാരോടും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ആചാരപ്രകാരം വിഷുക്കൈനീട്ടം കൊടുക്കാനും സ്വീകരിക്കാനും പറ്റാത്ത അവസ്ഥയിലാണ് പൊലീസുകാർ.

19ന് തമിഴ്നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽനിന്ന് പൊലീസ് സേനയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലയിൽ നിന്നുമാത്രം 75 പൊലീസുകാർക്ക് തമിഴ്നാട്ടിൽ സ്പെഷ്യൽ ഡ്യൂട്ടിയുണ്ട്. നാളെ തമിഴ്നാട്ടിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് പോകാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള വരവും. മുൻകാലങ്ങളിൽ തമിഴ്നാട് തിരഞ്ഞെടുപ്പിന് കേരളത്തിൽനിന്ന് ലോക്കൽ പൊലീസിന്റെ സേവനം വേണ്ടിവരാറില്ല. ക്യാമ്പിൽ നിന്നുള്ള പൊലീസുകാർ മാത്രമാണ് പോകുന്നത്. ഇക്കുറി ലോക്കൽ പൊലീസിന്റെകൂടി സേവനം കൂടി ആവശ്യപ്പെട്ടതിനാൽ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെയും ബാധിക്കും. നാളെ തമിഴ്നാട്ടിലേക്ക് പോകുന്ന പൊലീസുകാർ 21ന് മടങ്ങിയെത്തി 22നായിരിക്കും തിരികെ ജോലിയിൽ പ്രവേശിക്കുക. നാളെ നെടുമ്പാശേരിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂരിലും തിരുവനന്തപുരത്തുമാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്.