 
കിഴക്കമ്പലം: പട്ടിമറ്റം ഡബിൾപാലത്തിനടുത്ത് പി.പി. റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ അസാം സ്വദേശി സെയ്തുൾ ഇസ്ളാമിനെ (20) ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പത്തോടെ സമീപത്തെ എസ്.എൻ.ഡി.പി ശാഖ പാർക്കിംഗ് ഗ്രൗണ്ടിൽ ഇലക്ട്രിക് ജോലികൾക്കായി വന്നവരാണ് തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപം പ്ളാസ്റ്റിക് കവറും ഒഴിഞ്ഞ കുടിവെള്ളക്കുപ്പിയും കണ്ടെത്തി.
ആക്രിപെറുക്കി വിറ്റഴിച്ച് ജീവിക്കുന്നയാളാണ് സെയ്തുൾ. സഹോദരി പട്ടിമറ്റം മനയ്ക്കപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കുന്നത്തുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ച് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനയച്ചു. ഫോറൻസിക് വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി. മരണകാരണം വ്യക്തമായശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷ് പറഞ്ഞു.