vishnu

ആലുവ: നിരവധി കവർച്ച കേസുകളിലെ പ്രതി ആലപ്പുഴ കരുവേറ്റുംകുഴി സ്വദേശി തൃശൂർ മതിലകം കെട്ടിച്ചിറ ഭാഗത്ത് കോഴിശേരിവീട്ടിൽ വിഷ്ണുവിനെ (36) ആലുവ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞവർഷം ജൂലായിൽ ആലുവയിലെ ഒരു ബാറിൽവച്ച് ആലപ്പുഴ സ്വദേശിയെ ദേഹോപദ്രവം ചെയ്ത് മൊബൈൽഫോൺ കവർച്ച ചെയ്തിരുന്നു. ഇയാളുടെ ബന്ധുവിന്റെ പോക്കറ്റിൽനിന്ന് പണവും ഇയാൾ കൈയ്ക്കലാക്കിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ വിഷ്ണു ഒളിവിൽ പോയി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണസംഘം കോട്ടയത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

അലുവ ഈസ്റ്റ്, തൃശൂർ ജില്ലയിലെ കാട്ടൂർ, കളമശേരി, എടത്തല, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ വിഷ്ണുവിനെതിരെ കവർച്ച, ആയുധനിയമം എന്നീ വകുപ്പുകൾ പ്രകാരം കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ മാഹിൻഷാ അബുബക്കർ, കെ.എം. മനോജ്, കെ.എ. നൗഫൽ, മുഹമ്മദ് അമീർ എന്നിവർ ഉണ്ടായിരുന്നു.