കൊച്ചി: ക്രിമിനൽകേസ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന വിധത്തിൽ നിസാരവകുപ്പുകൾ മാത്രം ചുമത്തിയതിൽ എസ്.ഐക്കെതിരെ ആവശ്യമെങ്കിൽ വകുപ്പുതല നടപടി ആരംഭിക്കാമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പെരുമ്പാവൂർ എസ്.ഐ ആയിരുന്ന നോബിൾ മാനുവലിനെതിരെ നടപെടിയെടുക്കണമെന്ന പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിർദ്ദേശം പാലിക്കാത്തത് ചോദ്യംചെയ്ത് പെരുമ്പാവൂർ സ്വദേശി പി.ആർ. ജോയ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
ജോയിയെ 2011 ഫെബ്രുവരിയിൽ ഒരുസംഘം ആളുകൾ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് ജാമ്യംനൽകി രക്ഷപ്പെടാൻ സഹായിച്ച എസ്.ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ശുപാർശ ചെയ്തിരുന്നു. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയിക്കാനായില്ലെന്നാണ് വിലയിരുത്തിയത്.
ഇതിനെതിരെയാണ് ജോയി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് വിഷയം വീണ്ടും പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടത്. എസ്.ഐ വിരമിച്ചത് നിയമനടപടിക്ക് തടസമല്ലെന്നും കോടതി വ്യക്തമാക്കി.