പെരുമ്പാവൂർ : പെരുമ്പാവൂർ കണ്ടന്തറയിൽ അഷറഫ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ നിന്നും നാട്ടുകാർ ബ്രൗൺഷുഗർ പിടികൂടി . ഇവിടെ വാടകക്കു താമസിച്ചിരുന്ന ആസാം, ബംഗാൾ സ്വദേശികളായ നാലു പേരെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് കണ്ടന്തറ കെ.കെ പ്ലാസ്റ്റിക്സിന് സമീപം അഷറഫ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിന് സമീപം മയക്കുമരുന്ന് കച്ചവടം നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ താമസിക്കുന്ന വീടിനുള്ളിൽ നിന്നും അമ്പതോളം ചെറു ഡെപ്പികളിൽ ആക്കിയ ബ്രൗൺ ഷുഗറും സോപ്പുപെട്ടിയിൽ നിറച്ച ബ്രൗൺ ഷുഗറും നൂറുകണക്കിന് കാലി ഡെപ്പികളും കണ്ടെത്തുകയും ചെയ്തു. പെരുമ്പാവൂർ പൊലീസ് എ.എസ്.പി.യുടെ സ്ക്വാഡ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കൽക്കട്ട മുർഷിദാബാദ് സ്വദേശികളായ ബുട്ടു, സുർജിൽ മണ്ഡൽ, ജുനൈൽ, ആസാം സ്വദേശി സൈഫുൾ എന്നിവരാണ് പിടിയിലായത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് നടന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.