മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്‍സ് ജോർജിന്റെ തൊടുപുഴ മണ്ഡലം സ്വീകരണ പര്യടനം ആവേശമായി. സ്‍ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. പൂക്കൂടകൾ, കണിക്കൊന്ന, രക്തഹാരം, വാഴക്കുല, പഴങ്ങൾ, കിരീടം തുടങ്ങിയവ ജനങ്ങൾ സ്നേഹത്തോടെ നൽകി. രാവിലെ എട്ടിന് മണക്കാട് കുന്നത്തുപാറയിൽ കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ .ഐ. ആന്റണി പര്യടനം ഉദ്ഘാടനം ചെയ്‌തു. വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹന റാലിയുടെയും അകമ്പടിയിൽ തുറന്നജീപ്പിലായിരുന്നുപര്യടനം. ചിറ്റൂർ, അരിക്കുഴ, വഴിത്തല, പുറപ്പുഴ, കരിങ്കുന്നം, മുട്ടം, ഒളമറ്റം, തുടങ്ങനാട്, കോലാനി, കാഞ്ഞിരമറ്റം, കാരിക്കോട്, തെക്കുംഭാഗം, ഇടവെട്ടി, പട്ടയംകവല, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, പാറ, വെങ്ങല്ലൂർ, ജ്യോതി സൂപ്പർ ബസാർ എന്നിവിടങ്ങൾ പിന്നിട്ട് വൈകിട്ട് മങ്ങാട്ടുകവലയിൽ സമാപിച്ചു. അരിക്കുഴയിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആശ വർഗീസ് തന്റെ കൃഷിയിടത്തിൽ വിളഞ്ഞ തണ്ണിമത്തനും കുക്കുമ്പറും മുല്ലപ്പൂമാലയും നൽകി. കരിങ്കുന്നത്ത് റോളർ സ്‍കേറ്റിങ് താരങ്ങൾ പര്യടനത്തിന് അകമ്പടിയായി. സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനംചെയ്‍തു. കാഞ്ഞിരമറ്റം ജംഗ്ഷനിലെ സ്വീകരണ കേന്ദ്രത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിച്ചു. എൻ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ .കെ. ശിവരാമൻ, കെ. പി .മേരി, ടി .ആർ .സോമൻ, മുഹമ്മദ് ഫൈസൽ, മുൻ എം.എൽ.എ പി. സി ജോസഫ്, ജോർജ് അഗസ്റ്റിൻ, എം ലതീഷ് തുടങ്ങിയവർ സംസാരിച്ചു.