കൊച്ചി: വോട്ടെടുപ്പിന് വിരലിലെണ്ണാനുള്ള ദിനങ്ങൾ ബാക്കിനിൽക്കെ ചാലക്കുടിയിൽ പ്രചാരണം മുറുകി. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പൊതുപര്യടനം തുടർന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി.
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ എടതിരുത്തി, ചെന്ത്രാപ്പിന്നി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം എന്നിവിടങ്ങളിൽ പര്യടനം നടത്തി. പുളിഞ്ചോട് സെന്ററിൽ ടി.എൻ പ്രതാപൻ പര്യടനം ഉദ്ഘാടനം ചെയ്തു. കവലുകളും വീടുകളും കയറിയായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.
ഇന്ന് പെരുമ്പാവൂർ ബ്ലോക്കിൽ രാവിലെ ഏഴരയ്ക്ക് ആലോട്ടു ചിറയിൽ ആരംഭിക്കുന്ന പര്യടനം ബെന്നി ബഹനാന്റെ ജന്മസ്ഥലമായ വെങ്ങോലയിൽ സമാപിക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ രണ്ടാംഘട്ട പര്യടനം കുന്നത്തുനാട്ടിൽ ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട്, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ തുറന്ന വാഹനത്തിൽ പര്യടനം നടത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്‌ണൻ കുന്നംകുളത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടു. ഉണ്ണിക്കൃഷ്‌ണനെ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വൈകിട്ട് സൗഹൃദങ്ങൾ പുതുക്കുന്നതിനും സ്ഥാനാർത്ഥി സമയം കണ്ടെത്തി.
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ അങ്കമാലിയിൽ പര്യടനം നടത്തി. കറുകുറ്റിയിൽ ആരംഭിച്ച പ്രചാരണത്തിന് ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, മണ്ഡലം കോ ഓർഡിനേറ്റർ സന്തോഷ് വർഗീസ്, വി.ജി. പ്രതീഷ് എന്നിവർ നേതൃത്വം നൽകി.