nadapatha
ആലുവ ബൈപ്പാസിൽ നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. സമീപം കസ്റ്റമേഴ്സ് ഒൺലി ബോർഡും.

ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി നവീകരിക്കുന്ന ആലുവയിലെ നടപ്പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലായപ്പോൾ ആക്ഷേപങ്ങൾ വ്യാപകം. നിർമ്മാണം കഴിഞ്ഞ ഭാഗം സ്വകാര്യ സ്ഥാപനങ്ങൾ വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കണം. ബൈപ്പാസ് മുതൽ പാലസ് വരെയും മാർക്കറ്റ് റോഡ് ഭാഗത്തുമാണ് നടപ്പാതകൾ വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നത്. ചിലർ നടപ്പാതയിലും മറ്റ് ചിലർ റോഡിലും 'കസ്റ്റമേഴ്സ് ഒൺലി' ബോർഡുകളും സ്ഥാപിച്ചു. ബ്രിഡ്ജ് റോഡ്, പാലസ് റോഡ്, തൈനോത്തിൽ റോഡ്, മാർക്കറ്റ് റോഡ്, സിവിൽ സ്റ്റേഷൻ റോഡ്, കുന്നുംപുറം റോഡ് എന്നിവിടങ്ങളിലെ നിലവിലുണ്ടായിരുന്ന കാനകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് മെട്രോ ഗ്രാനൈറ്റ് വിരിച്ച് നടപ്പാതകൾ നിർമ്മിക്കുന്നത്.

ചിലയിടത്ത് കാനകൾക്ക് മുകളിലുണ്ടായിരുന്ന കോൺക്രീറ്റ് സ്ളാബുകൾ മണ്ണിനടിയിലായതിനാൽ കച്ചവടക്കാർ ഈ ഭാഗം വാഹന പാർക്കിംഗിനായി ഉപയോഗിക്കുകയായിരുന്നു. കാനയും നടപ്പാതയും നവീകരിച്ചതോടെയാണ് പാർക്കിംഗിന് സൗകര്യമില്ലാതായ കച്ചവടക്കാർ നടപ്പാത കയ്യേറുന്നത്. കയ്യേറ്റക്കാരിൽ സ്വർണക്കടകൾ മുതൽ ഹോട്ടലുകൾ വരെയുണ്ട്.