കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവേ ആവേശത്തോടെ പ്രവർത്തകർ..മൂന്ന് മുന്നണികളുടെയും വാഹന പ്രചാരണത്തിൽ പ്രവർത്തകരുടെ വലിയ പങ്കാളിത്തമുണ്ട്. രാവിലെ 7ന് തുടങ്ങുന്ന പര്യടനം രാത്രി വൈകിയാണ് അവസാനിക്കുന്നത്. ചെണ്ടമേളം...ബാൻഡ് മേളം...വിവിധ കലാരൂപങ്ങൾ...വാഹന റാലി...പ്രകടനങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് പര്യടനം.
കൊച്ചിയുടെ സ്‌നേഹമേറ്റുവാങ്ങി ഹൈബി
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ സ്വീകരണ പരിപാടികൾ. രാവിലെ സൗത്ത് മൂലങ്കുഴിയിൽ നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. തുടർന്ന് ഡോബിഘാനയിലെത്തി. ഹോസ്പിറ്റൽ റോഡിലാണ് ഉച്ചവരെയുള്ള സ്വീകരണ പരിപാടികൾ സമാപിച്ചത്. വൈകിട്ട് ചുള്ളിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടികൾ എഴുപതോളം കേന്ദ്രങ്ങളിലെ സ്വീകരണമേറ്റു വാങ്ങി ഉബൈദ് റോഡിൽ സമാപിച്ചു.
കെ.ജെ. ഷൈൻ വൈപ്പിനിൽ
എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈന്റെ വാഹന പര്യടനം ഇന്നലെ വൈപ്പിൻ മണ്ഡലത്തിലായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയുള്ള പര്യടനം പള്ളിപ്പുറം കടപ്പുറം പ്രതിഭ വായനശാല പരിസരത്ത് മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. തുടർന്ന് പള്ളിപ്പുറം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കോവിലകത്തും കടവ്, ജനത വായനശാല, വിവിധ ബൂത്ത് കമ്മിറ്റി കേന്ദ്രങ്ങളിലും സ്വീകരണമുണ്ടായിരുന്നു.
ചെറായി ലോക്കൽ കമ്മിറ്റിക്ക് വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് എടവനക്കാട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ജയനഗർ, മായബസാർ, എം.ജി സ്‌ക്വയർ, എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.
സാമുദായിക നേതാക്കളെ സന്ദർശിച്ച് കെ.എസ്. രാധാകൃഷ്ണൻ
മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലിത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ കുരീക്കാടുള്ള ബിഷപ്പ് ഹൗസിലെത്തി സന്ദർശിച്ച ശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്.
അവിടെ നിന്നും ഉദയംപേരൂർ അരയശ്ശേരി ആനന്ദദായിനി സമാജം ഓഫീസ് സന്ദർശിച്ച അദ്ദേഹം പിന്നീട് എസ്.എൻ.ഡി.പി യോഗം നടക്കാവ് ശാഖാ ഓഫീസും നടക്കാവ് എൻ.എസ്.എസ് കരയോഗം ഓഫീസും സന്ദർശിച്ചു. നടക്കാവ് ഭഗവതി ക്ഷേത്ര ദർശനവും നടത്തി.
വൈകീട്ട് മട്ടാഞ്ചേരിയിലായിരുന്നു വാഹന പര്യടനം. രാത്രി വൈകി അമരാവതിയിൽ സമാപിച്ചു.