chakkumarassery-temple-
ചക്കുമരശേരി ശ്രീകുമാരമംഗലം മഹാക്ഷേത്രത്തിൽ നടന്ന ആനകളുടെ തലപ്പൊക്ക മത്സരം

പറവൂർ: വടക്കേക്കര ചക്കുമരശേരി ശ്രീകുമാരമംഗലം മഹാക്ഷേത്രോത്സവത്തിൽ ഭഗവാന്റെ തിടമ്പേറ്റാനുള്ള അവകാശത്തിനായി ഇരുചേരുവാരങ്ങൾ തമ്മിൽ നടത്തിയ ആനകളുടെ തലപ്പൊക്ക മത്സരത്തിൽ വടക്കേ ചേരുവാരത്തിന്റെ അമ്പാടി ബാലനാരായണൻ വിജയിച്ചെങ്കിലും തിടമ്പേറ്റാനായില്ല. വനം വകുപ്പ്, മൃഗസംരക്ഷ വകുപ്പ് എന്നിവയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ എഴുന്നള്ളിപ്പിൽ പങ്കെടുക്കാനാകാതെ മടങ്ങേണ്ടി വന്നു. തെക്കേ ചേരുവാരത്തിന് വേണ്ടി കുട്ടൻകുളങ്ങര അർജ്ജുനനാണ് മത്സരത്തിനെത്തിയത്.

പത്ത് മിനിറ്റ് നീണ്ട മത്സരസമയത്ത് പാപ്പാമാരും ഉടമകളും യാതൊരു നിർദ്ദേശവും ആനകൾക്ക് നൽക്കാൻ പാടില്ലെന്നാണ് നിബന്ധന. മത്സരസമയത്ത് ഏറ്റവും കൂടുതൽ സമയം ഉയരത്തിൽ തല ഉയർത്തിപ്പിടിക്കുന്ന ആനയ്ക്കാണ് തിടമ്പേറ്റാൻ അർഹത.

അമ്പാടി ബാലനാരായണനെ വിജയിയായി സഭാ ഭാരവാഹികൾ പ്രഖ്യാപിച്ച ശേഷമാണ് സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ആനയെ പരിശോധിച്ചത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് അവർ സഭാ ഭാരവാഹികളെ അറിയിച്ചു. തർക്കം ഉണ്ടായതിനെ തുടർന്ന് ക്ഷേത്രം വക ആന കാളകുത്തന്‍ കണ്ണൻ തിടമ്പേറ്റി ശ്രീബലി എഴുന്നള്ളിപ്പ് നടന്നു.

തലപ്പൊക്ക മത്സരം കാണാൻ ആയിരക്കണത്തിന് ആനപ്രേമികൾ രാവിലെ മുതൽ ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. വൈകിട്ട് പകൽപ്പൂരവും വർണാഭമായ കുടമാറ്റവും ആൽത്തറമേളം നടന്നു. പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടെ മഹോത്സവം കൊടിയിറങ്ങി.