k

യോഗനാദം 2024 ഏപ്രിൽ 16 ലക്കം എഡിറ്റോറിയൽ

ലോകത്തിന് ഭീഷണിയായി മാറുകയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങൾ. നൂറ്റാണ്ടുകളായി അശാന്തമാണ് പൗരാണിക സംസ്കാരങ്ങൾ നിലകൊണ്ട ഈ ഭൂപ്രദേശം. ജൂതരും അറബികളും തമ്മിലുള്ള വൈരം ആരു വിചാരിച്ചാലും തീർക്കാനാവത്തയത്ര സങ്കീർണമാണ്. ജൂതരാഷ്ട്രമായ ഇസ്രയേലിനെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന പ്രതിജ്ഞയെടുത്തവരാണ് അയലത്തും അല്ലാതെയുമുള്ള അറബ് രാജ്യങ്ങൾ. അസാമാന്യമായ പോരാട്ടവീര്യവും യുദ്ധതന്ത്രങ്ങളും സാമ്പത്തികമായ കരുത്തും സാങ്കേതിക മികവും മറ്റുമൊക്കെയാണ് ഈ ഭീഷണി​കളെ മറികടന്ന് ഇസ്രയേലിനെ എല്ലാ രംഗത്തും അസൂയാവഹമായ രീതിയിൽ മുന്നിൽ നിറുത്തുന്നത്. 1948ൽ ജൂതരാഷ്ട്രം രൂപീകരിക്കപ്പെട്ടതു മുതൽ ഇസ്രയേൽ എന്നും യുദ്ധമുഖത്തു തന്നെയാണ്. അനവധി യുദ്ധങ്ങളാണ് അറബ് രാജ്യങ്ങളുമായി അവർ നടത്തിയിട്ടുളളത്.

വലിയ സംഘർഷങ്ങളൊന്നുമില്ലാതെ പശ്ചിമേഷ്യ തുടരുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ ഏഴിന് പാലസ്തീനിലെ ഹമാസ് പോരാളികൾ ഇസ്രയേലിനെതിരെ നടത്തിയ അക്രമണമാണ് മൂന്നാം ലോകമഹായുദ്ധത്തിനു പോലും കാരണമായേക്കാവുന്ന ഇസ്രയേൽ - ഇറാൻ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സൈനിക ശേഷിയിൽ പാലസ്തീനും ഹമാസും ഇസ്രായേലിനു മുന്നിൽ ശിശുക്കളാണ്. എന്നിട്ടും അവർ ഇസ്രയേലിൽ കടന്നുകയറി 1400 ഓളം നിരായുധരും നിസഹായരുമായ സ്ത്രീകൾ ഉൾപ്പടെയുളള ജനങ്ങളെ ക്രൂരമായി കൊന്നു. ആയിരക്കണക്കിന് മിസൈലുകൾ ഇസ്രയേലിലേക്ക് പായിച്ചു. ഇരുന്നൂറോളം പേരെ പാലസ്തീനിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദി​കളാക്കി വച്ച് വിലപേശുന്നു.

ഇത്തരം അക്രമങ്ങളെ ശക്തമായി ചെറുക്കുകയാണ് ഇസ്രയേൽ രീതി. പാലസ്തീനെ അവർ ഇഞ്ചോടിഞ്ച് നശിപ്പിക്കുകയാണ് ഇപ്പോൾ. ഏകപക്ഷീയമായ പോരാട്ടത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 35000-ത്തോളം പേർക്ക് ജീവൻ നഷ്ടമായി. എന്നിട്ടും ഇസ്രയേൽ നിറുത്തിയിട്ടില്ല. ഹമാസിനെ തുടച്ചുനീക്കും വരെ യുദ്ധം തുടരുമെന്നാണ് അവരുടെ നിലപാട്. അമേരിക്കയും അവർക്ക് ശക്തമായ പിന്തുണയുമായി ഒപ്പമുണ്ട്. ഇസ്രയേലിന്റെ ശത്രുക്കൾക്ക് ധനവും ആയുധവും നൽകുന്നത് ഇറാനാണെന്നത് രഹസ്യമൊന്നുമല്ല. അവർ ഇത്രയും കാലം തിരശീലയ്ക്കു പിന്നിൽ നിന്ന് നടത്തിയ യുദ്ധം ഇപ്പോൾ നേരിട്ടു നടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് സിറിയയിലെ ഇറാൻ എംബസിയിൽ ഏപ്രിൽ ഒന്നിന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണ്. ഇറാന്റെ മുതിർന്ന ഏഴ് സൈനിക ഉദ്യോഗസ്ഥരുൾപ്പടെ 16 പേർ മരിച്ച സംഭവത്തിന് പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ അന്നേ പറഞ്ഞിരുന്നു. അമേരിക്കയുടെ മുന്നറിയിപ്പിനെയും അവഗണിച്ച് ദിവസങ്ങൾക്ക് മുമ്പ് ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുത്തു. ഡ്രോൺ ആക്രമണങ്ങളും നടത്തി. പക്ഷേ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ അവയെല്ലാം തടുത്തു. ഏതു നിമിഷവും ഇസ്രയേലി​ന്റെ പ്രത്യാക്രമണമുണ്ടാകും. അത് വിചാരിക്കാത്ത വിധത്തിലുമാകും.

അറബ് രാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ട ചെറിയൊരു രാജ്യമാണ് ഇസ്രയേൽ. ലോകശക്തികളെ വരുതിയിലാക്കാനുള്ള തന്ത്രങ്ങൾ അവരുടെ പക്കലുണ്ട്. ആണവായുധ ശേഷിയുമുണ്ട്. ഇറാനും നിസാരക്കാരല്ല. മതം തലയ്ക്കു പിടിച്ചവരാണ് ആ രാജ്യം ഭരിക്കുന്നതെങ്കിലും ജനത പൊതുവേ വിദ്യാസമ്പന്നരും സഹിഷ്ണുതയുള്ളവരുമാണ്. മുസ്ളീം ഷിയാ വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള ഇവരെ സുന്നി മുസ്ളീങ്ങൾക്ക് മേൽക്കോയ്മയുള്ള സൗദി അറേബ്യയും തുർക്കിയും പോലുള്ള രാജ്യങ്ങൾക്ക് ചതുർത്ഥിയാണ്. ഇറാൻ ഇസ്ളാമിക രാജ്യങ്ങളുടെ നിയന്ത്രണ ശക്തിയാകുമോ എന്ന ഭയവും സ്വാഭാവികമായും അവർക്കുണ്ടാകാം. അതുകൊണ്ടുതന്നെ ഇറാൻ - ഇസ്രയേൽ സംഘർഷം ഏതൊക്കെ തലത്തിലേക്കു നീങ്ങുമെന്ന് പറയാനാവില്ല. ഇറാന്റെ ആണവായുധ പദ്ധതികൾ പൊളിക്കാൻ എല്ലാ രീതിയിലുമുള്ള തന്ത്രങ്ങൾ ഇസ്രയേൽ നടത്തിയിട്ടുണ്ട്. പക്ഷേ രഹസ്യമായി അവർ ആണവശേഷി കൈവരിച്ചു കഴിഞ്ഞുവെന്നാണ് കരുതപ്പെടുന്നത്.

ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അത് എങ്ങനെ കലാശിക്കുമെന്നും എത്രനാൾ നീളുമെന്നും പറയാനാവില്ല. ആധുനിക യുദ്ധതന്ത്രം സാങ്കേതിക വിദ്യയിലധിഷ്ഠിതമാണ്. അത്തരമൊരു യുദ്ധം മനുഷ്യരാശിയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. റഷ്യയും യുക്രെയിനും തമ്മിൽ 2014ൽ ആരംഭിച്ച യുദ്ധം 2022ൽ പൂർണതോതി​ലായി​. ഇപ്പോഴും നാശം വി​തച്ച് അത് തുടരുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിൻ നാറ്റോയുടെ പിന്തുണയോടെയാണ് വൻശക്തിയായ റഷ്യയ്ക്കെതിരെ പിടിച്ചു നിൽക്കുന്നത്. യുദ്ധംമൂലം അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന നരകയാതന വിവരണാതീതമാണ്. സുന്ദരമായ ഒരു ഭൂപ്രദേശം ഇന്ന് തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു.

ഇസ്രയേൽ- പാലസ്തീൻ സംഘർഷം തുടങ്ങിയതു മുതൽ ലോകത്തെ സാമ്പത്തിക രംഗവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. എണ്ണ വില ഉയരുന്നു. പാലസ്തീന്റെ പേരി​ൽ യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ ചരക്കുകപ്പലുകൾക്കെതിരെ ആക്രമണവുമായി രംഗത്തു വന്നതോടെ ആഗോള കപ്പൽ ഗതാഗതത്തിനും തിരിച്ചടിയായി. ചെറിയൊരു സംഘർഷം എങ്ങനെ ലോകത്തെയൊട്ടാകെ ബാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പ്രശ്നം. ഇസ്രയേൽ പൗരന്റെ ഉടമസ്ഥതയിൽ, നാലു മലയാളി​കൾ ഉൾപ്പെടെ ജീവനക്കാരുള്ള ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുക്കുക കൂടി ചെയ്തതോടെ പ്രധാന കപ്പൽപാതയിലൂടെയുള്ള ഗതാഗതം നിലയ്ക്കുന്ന മട്ടാണ്. ആഗോള സാമ്പത്തികരംഗത്ത് വലിയ വിലക്കയറ്റത്തിനും ഇത് കാരണമായേക്കും. ഇന്ത്യയുടേതും അമേരിക്കയുടേതുമുൾപ്പടെ പ്രമുഖ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഈ മേഖലയിൽ പതിവു സാന്നിദ്ധ്യമായതും ഗൗരവമായ സ്ഥിതിയിലാണ് കാര്യങ്ങൾ എന്നു തെളിയിക്കുന്നു

ജൂതരുടെയും മുസ്ളീങ്ങളുടെയും ക്രൈസ്തവരുടെയും വി​ശുദ്ധ ഭൂമി​യാണ് ഇസ്രയേൽ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവി​ടെ നി​ന്ന് നി​ഷ്കാസി​തരായി​ ലോകത്തെമ്പാടുമായി​ ചി​തറി​പ്പോയ ജൂതർ അനുഭവി​ച്ച ദുരന്തങ്ങൾ വി​വരണാതീതമാണ്. ഹി​റ്റ്ലറുടെ ഗ്യാസ് ചേംബറുകളി​ലും കി​ല്ലിംഗ് ഫീൽഡുകളി​ലും ദശലക്ഷക്കണക്കി​ന് ജൂതർ കൊല്ലപ്പെട്ടി​ട്ടുണ്ട്. തങ്ങളെ സ്നേഹത്തോടെ സ്വീകരി​ച്ച ലോകത്തെ ഏകരാജ്യം ഇന്ത്യയാണെന്ന് ജൂതർ നന്ദി​യോടെ സ്മരി​ക്കാറുണ്ട്. അതി​ന്റെ നന്ദി​ അവർക്കെന്നും ഇന്ത്യയോടുണ്ട്. ഇറാനും നമ്മുടെ സുഹൃദ് രാജ്യമാണ്. ഇന്ത്യ ഏറ്റവുമധികം പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. പല എതിർപ്പുകളും ഉപരോധങ്ങളും ഉണ്ടായിട്ടും ഇറാനെ ഇന്ത്യ തള്ളിപ്പറഞ്ഞിട്ടില്ല. പാലസ്തീനെയും ആദ്യം അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ചരിത്രപരമായി അവരുമായും നമുക്ക് നല്ല ബന്ധങ്ങളാണ്. യുദ്ധം തുടങ്ങാൻ എളുപ്പമാണെങ്കി​ലും അവസാനി​പ്പി​ക്കുക സങ്കീർണമാണ്. യുദ്ധം ഒഴിവാക്കുകയാണ് മാനവരാശിക്ക് നല്ലത്. ഇനി​യൊരു ലോകയുദ്ധം താങ്ങാനുള്ള ശേഷി​ ഈ ഭൂമി​ക്കി​ല്ല. പശ്ചിമേഷ്യയെ സംഘർഷത്തിൽ നിന്ന് മുക്തമാക്കാനുള്ള ദൗത്യത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. അതിനുള്ള ശേഷിയും നയതന്ത്ര മികവും ഇന്ത്യയ്ക്കുണ്ട്. അങ്ങിനെ സംഭവി​ച്ചാൽ ആഗോളനയതന്ത്ര രംഗത്ത് ഇന്ത്യയ്ക്ക് വലി​യ സ്ഥാനം കൈവരി​ക്കാനാകും.