കാലടി: ജനശ്രദ്ധയാകർഷിച്ച തിരുവൈരാണിക്കുളം ഫെസ്റ്റിന് സമാപനം. സമാപന ദിവസം വാശിയേറിയ വടംവലി മത്സരവും നടന്നു. വിസ്മയ കരിയാട് - അങ്കമാലി ഒന്നാം സമ്മാനവും, വലൻസിയ - കാഞ്ഞൂർ രണ്ടാം സമ്മാനവും നേടി. ഇതോടൊപ്പം വനിതാ വടംവലി മത്സരവുണ്ടായിരുന്നു. തുടർന്ന് ആലപ്പുഴ ഇപ്റ്റയുടെ നാടൻപാട്ടും വിവിധ കലാപരിപാടികളും നടന്നു. വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക് ഷോ എന്നിവയും ശ്രദ്ധേയമായിരുന്നു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.