 
ആലുവ: ശബ്ദത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിൽ ലോക ശബ്ദദിനാചരണം സംഘടിപ്പിച്ചു. പിന്നണി ഗായകൻ വിജയ് യേശുദാസ് ഉദ്ഘാടനം ചെയ്തു. ശബ്ദദിനത്തിൽ പാട്ടുമായി വിജയ് യേശുദാസ് സദസിന്റെ മനം കവർന്നപ്പോൾ, പഴയ മിമിക്രി കഴിവുകൾ പൊടിതട്ടിയെടുത്ത് ഡോക്ടർമാരും ഒപ്പം കൂടി. മോഹൻലാൽ, ജഗദീഷ്, ജനാർദ്ദനൻ എന്നിവരുടെ ശബ്ദങ്ങളിലൂടെ ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജ്, ഡോ. അഖിൽ എന്നിവർ വേദിയിലെത്തിയത് കൗതുകമായി. ആശയവിനിമയത്തിൽ ശബ്ദത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്നും, ശബ്ദത്തിന് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അവഗണിക്കരുതെന്നും ഡോ. രാജേഷ് രാജു പറഞ്ഞു. ശബ്ദ ശുചിത്വം, ശബ്ദ പരിപാലനം, അപകടസാധ്യതകൾ എന്നിവയെ കുറിച്ച് ഇ.എൻ.ടി വിഭാഗത്തിലെ ഡോ.. എസ്. വിവേക് ക്ലാസ് നയിച്ചു. രാജഗിരി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം എന്നിവർ സംസാരിച്ചു. ശബ്ദകലാകാരന്മാർക്ക് വേണ്ടി രാജഗിരി ആശുപത്രി ഒരുക്കുന്ന 'സ്വരമാധുരി' ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും വിജയ് യേശുദാസ് നിർവഹിച്ചു.