nandhi
പെരുമ്പാവൂർ അയ്മുറി മഹാദേവ ക്ഷേത്രത്തിൻ്റെ മുമ്പിലുള്ള ഇൻഡ്യയിലെ ഏറ്റവും ഉയരമേറിയ 33 അടിയോളമുള ബൃഹത് നന്ദി ഗിൽപ്പം

പെരുമ്പാവൂർ: 2012 ജനുവരി 10ന് അന്തരിച്ച പ്രശസ്ത ശില്പി അപ്പുക്കുട്ടൻ പാലക്കുഴയും ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയനും തമ്മിലുള്ള അപൂർവ്വ സൗഹൃദത്തിന്റെ നാൾവഴികൾ ഓർത്തെടുക്കുകയാണ് കൂവപ്പടി അയ്മുറി നന്ദിഗ്രാമത്തിലെ അപ്പുക്കുട്ടന്റെ
സുഹൃത്തുക്കൾ.

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ 33 അടിയോളമുള്ള "ബൃഹത് നന്ദി" ശില്പത്തിന്റെ നിർമ്മാണത്തിനായി 2010 കാലയളവിലാണ് അപ്പുക്കുട്ടൻ കൂത്താട്ടുകുളം പാലക്കുഴയിൽ നിന്ന് അയ്മുറി മഹാദേവ ക്ഷേത്രത്തിലേയ്ക്ക് വരുന്നത്. രണ്ടുവർഷത്തിലേറെ ക്ഷേത്രത്തിൽ സ്ഥിരമായി താമസിച്ചായിരുന്നു ശില്പനിർമ്മാണം പൂർത്തിയാക്കിയത്. തൃപ്പൂണിത്തുറ കുരീക്കാടുള്ള വസതിയിൽ താമസിച്ചിരുന്ന ജയനെ നിർമ്മാണത്തിന്റെ ഓരോ ഇടവേളകളിലും സന്ദർശിച്ച് പുരോഗതി അറിയിക്കുമായിരുന്നു.

പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പാലക്കാട് കോട്ടായി ഗ്രാമത്തിൽ സ്ഥാപിച്ച വെങ്കലശില്പ നിർമ്മിതിയുമായി ബന്ധപ്പെട്ട് 2000ൽ തുടങ്ങിയ പിതൃതുല്യമായ അടുപ്പമായിരുന്നു അപ്പുക്കുട്ടന് കെ.ജി. ജയനോടുണ്ടായിരുന്നത്. ചെമ്പൈ ഗ്രാമത്തിൽ എല്ലാവർഷവും നടക്കുന്ന സംഗീതോത്സവത്തിൽ കെ.ജി. ജയനോടൊപ്പം സാന്നിദ്ധ്യമറിയിക്കാൻ അപ്പുക്കുട്ടന് അവസരം ലഭിച്ചിരുന്നു. നേരിൽ കാണുമ്പോഴെല്ലാം ജയനെ സ്നേഹത്തോടെ 'അച്ചായി' എന്നേ വിളിക്കുമായിരുന്നുള്ളൂ. അപ്പുക്കുട്ടന്റെ സൃഷ്ടിപരമായ ശില്പനിർമ്മിതിയുടെ വഴികളിൽ എന്നും പിതൃതുല്യനായി നിന്ന് പ്രോത്സാഹിപ്പിച്ചിരുന്നയാളാണ് കെ.ജി. ജയൻ. പലവട്ടം അപ്പുക്കുട്ടനെത്തേടി അദ്ദേഹവും അയ്മുറിയിൽ എത്തിയിരുന്നത് അധികമാരുമറിഞ്ഞിരുന്നില്ല. വീട്ടിലെ ഒരംഗത്തെപ്പോലെ ഏതുസമയത്തും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ജയൻ അപ്പുക്കുട്ടനും നൽകിയിരുന്നുവന്നത് അവർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം കാണിക്കുന്നതായിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച സംഗീതപരിപാടികളുടെ തിരക്കുകളിൽപ്പെട്ടുപോയതിനാൽ ശില്പത്തിന്റെ അനാവരണച്ചടങ്ങിൽ പങ്കെടുക്കാനായില്ലല്ലോയെന്ന സങ്കടം അദ്ദേഹം അപ്പുക്കുട്ടനോട് തുറന്നുപറഞ്ഞിട്ടുണ്ട്. ജയന്റെ മാത്രമല്ല ഇരട്ട സഹോദരൻ വിജയന്റെ കുടുംബവുമായും അപ്പുക്കുട്ടന് ഏറെ അടുപ്പമുണ്ടായിരുന്നു. മനോജ് കെ. ജയനുമായി സിനിമാനടനാകും മുമ്പേയുള്ള അടുപ്പമാണ്. എറണാകുളത്തെ ഗോകുലം കൺവെൻഷൻ സെന്ററിൽ അന്തരിച്ച കവി എസ്. രമേശൻ നായരുടെ നേതൃത്വത്തിൽ മമ്മൂട്ടിയും മോഹൻലാലും പങ്കെടുത്ത കെ.ജി. ജയന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷവേളയിൽ ക്ഷണിതാവായി അപ്പുക്കുട്ടനുമുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ അയ്മുറിയിലെ ഉറ്റസുഹൃത്തുക്കളെയും കൂട്ടിയായിരുന്നു അന്നത്തെ യാത്ര. അപ്പുക്കുട്ടൻ ഓർമ്മയായശേഷം പിന്നീട് 2012 മേയിൽ അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ ബൃഹത് നന്ദി ധർമ്മസംഹിതായജ്ഞം സംഘടിപ്പിച്ചപ്പോൾ അതിനോടനുബന്ധിച്ചു നടന്ന അപ്പുക്കുട്ടൻ അനുസമരണച്ചടങ്ങിൽ പങ്കെടുക്കാൻ കെ.ജി. ജയൻ എത്തി. തന്റെ ആത്മമിത്രത്തെ അനുസ്മരിച്ചുകൊണ്ട് വികാരാധീനനായാണ് അന്നദ്ദേഹം സംസാരിച്ചത്.