അങ്കമാലി: ഏയ്റോ സിറ്റി, ഏയ്റോട്രോപോളിസ്, സാറ്റലൈറ്റ് വ്യവസായ ഹബ്ബ്, തീരദേശ വികസനത്തിന് മാസ്റ്റർ പ്ലാൻ തുടങ്ങിയ പദ്ധതികളിലൂടെ നവചാലക്കുടി സൃഷ്ടിക്കുമെന്ന് എൽ.ഡി.എഫ് പ്രകടനപത്രിക.
ഏയ്റോ സിറ്റി
നെടുമ്പാശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി മെട്രോപോലീറ്റൻ നഗരം പടുത്തുയർത്തും. സമീപ നഗരസഭകളെയും ഗ്രാമപഞ്ചായത്തുകളെയും ഉൾപ്പെടുത്തി വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാർപ്പിട ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതാകും ഏയ്റോസിറ്റി.
കൊരട്ടി വ്യവസായ ഹബ്
വലിയ വ്യവസായങ്ങൾ കൊണ്ടുവരുന്നതാണ് കൊരട്ടി സാറ്റലൈറ്റ് ഇൻഡസ്ട്രിയൽ ഹബ്ബ്. പൂട്ടിയ ഗവ. ഒഫ് ഇന്ത്യ പ്രസിന്റെ ഭൂമി പ്രയോജനപ്പെടുത്തും. ഭക്ഷ്യസംസ്‌ക്കരണം, റബ്ബർ, കാപ്പി, സ്‌പൈസസ് തുടങ്ങിയവയുടെ മൂല്യവർദ്ധിത ഉത്പന്ന പാർക്കായി വികസിപ്പിക്കും. ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളുടെ കേന്ദ്രമായും മാറ്റും.
തീരത്തിന് മാസ്റ്റർ പ്ളാൻ
തീരസംരക്ഷണത്തിനും സമഗ്ര വികസസനത്തിനും മാസ്റ്റർപ്ലാൻ തയ്യാറാക്കും. എറണാകുളം കുറ്റിപ്പുറം തീരദേശ റെയിൽവേ യാഥാർത്ഥ്യമാക്കും. വടക്കൻ പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ വഴി തീരദേശ റെയിൽവേ പാത ഉന്നയിക്കും.
അതിരപ്പിള്ളി കോടനാട് ടൂറിസം സർക്ക്യൂട്ട്, ജാതിക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പാർക്ക്, അങ്കമാലി ടെക്‌നോളജി സെന്റർ എന്നിവ കൂടാതെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റിയെ ലോകോത്തര വ്യവസായിക ഇടനാഴിയാക്കും, കൊച്ചി കൊരട്ടി ഐ.ടി. ഇടനാഴി യാഥാർത്ഥ്യമാക്കും, ഇന്നസെന്റിന്റെ സ്മരണയ്ക്ക് സാംസ്‌കാരിക നിലയം സ്ഥാപിക്കും, റെയിൽവേ വികസനം യാഥാർത്ഥമാക്കും, മുഴുവൻ സ്‌കൂളുകളും ഹൈടെക്കാക്കും, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് സഹായം ലഭ്യമാക്കും, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ, ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകൾ, നൈപുണ്യ വികസനം തുടങ്ങിയ വാഗ്ദാനങ്ങളുണ്ട്.
മന്ത്രി പി. രാജീവ് മുൻ എം.പി ഇന്നസെന്റിന്റെ ഭാര്യ ആലീസിന് നൽകി പ്രകടനപത്രിക പ്രകാശനം ചെയ്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷ്‌റഫ്, ഇ.ടി. ടൈസൻ എം.എൽ.എ., സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, എൽ.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ ജോർജ് എടപ്പരത്തി, മുൻമന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എമാരായ ബി.ഡി. ദേവസി, എ.കെ. ചന്ദ്രൻ, സാജു പോൾ തുടങ്ങിയവർ പങ്കെടുത്തു.