കൊച്ചി: പ്രചാരണത്തിന് ചൂടുപിടിച്ചതോടെ ചാലക്കുടിയിലെ സ്ഥാനാർത്ഥികളുടെ പര്യടനങ്ങൾക്ക് സ്വീകരണം ഒരുക്കാൻ കൂടുതൽ പ്രവർത്തർ രംഗത്തിറങ്ങി. ശേഷിക്കുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് ബന്ധം പുതുക്കാനും വോട്ടുറപ്പിക്കാനും സ്‌ക്വാഡ് പ്രവർത്തനവും ശക്തമാക്കി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. പൊയ്യ, വെള്ളാങ്ങല്ലൂർ, പുത്തൻചിറ, മാള, അന്നമനട, കൂഴൂർ പഞ്ചായത്തുകളിൽ വോട്ടഭ്യർത്ഥിച്ചു. കോട്ട പരിസരത്ത് ചുമട്ടുതൊഴിലാളികൾ സ്വീകരണം നൽകി. നവചാലക്കുടി ലക്ഷ്യമിട്ട് സി. രവീന്ദ്രനാഥിന്റെ പ്രകടനപത്രികയും ഇന്നലെ പ്രസിദ്ധീകരിച്ചു.


യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ജന്മനാടായ പെരുമ്പാവൂരിൽ പര്യടനം നടത്തി. ആലോട്ടുചിറയിൽ ലരംഭിച്ച പര്യടനത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. ജന്മസ്ഥലമായ വെങ്ങോലയിൽ കൂടുതൽ സമയം ചെലവഴിച്ചു. ഇന്ന് വി.പി തുരുത്തിൽ ആരംഭിക്കുന്ന പര്യടനം മേത്തല, കൊടുങ്ങല്ലൂർ, വെള്ളാങ്കല്ലൂർ വഴി കരുപ്പടന്നയിൽ സമാപിക്കും.

ട്വന്റി 20 സ്ഥാനാർത്ഥി ചാർളി പോൾ എടത്തല, കാഞ്ഞൂർ, കീഴ്മാട്, ചൂർണിക്കര, ആലുവ നഗരസഭ എന്നിവിടങ്ങളിൽ പര്യടനം നടത്തി. പുക്കാട്ടുപടിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തേവയ്ക്കൽ, മണലിമുക്ക്, ആലുവ നഗരം, തോട്ടുംമുഖം ജംഗ്ഷൻ, മാറമ്പിളളി എന്നിവിടങ്ങളിൽ പര്യടനം നടത്തി