s

കൊച്ചി:അഞ്ച് തവണ ശ്രമം. ആദ്യം പരാജയം നാല് തവണ യോഗ്യത നേടി. അഞ്ചാം തവണ രാജ്യത്ത് നാലാം റാങ്ക് നേടി മോഹിച്ച ഐ. എ. എസ്. അതാകട്ടെ വീട്ടിൽ പറയാതെ വെട്ടിപ്പിടിച്ച നേട്ടം. ഐ. എ. എസ് എന്ന ഒറ്റ ലക്ഷ്യവുമായി സിദ്ധാർത്ഥ് രാംകുമാർ ( 27) ഇത്തവണ പരീക്ഷയെഴുതിയത് വീട്ടിൽ പറഞ്ഞിരുന്നില്ല. മുൻ വർഷത്തെ പരീക്ഷയിൽ ഐ.പി.എസ് ലഭിച്ച സിദ്ധാ‌ർത്ഥിന്റെ പരിശീലനം ഹൈദരാബാദ് പൊലീസ് അക്കാഡമിയിൽ പുരോഗമിക്കുമ്പോഴാണ് ഇത്തവണത്തെ ഫലം വന്നത്. വിവരമറിഞ്ഞപ്പോൾ തന്നെ അച്ഛൻ ടി.എൻ. രാംകുമാർ മകനെ വിളിച്ചു. 'ലിസ്റ്റിലുണ്ട്, നാലാം റാങ്കാണ്..."ഇതായിരുന്നു മറുപടി. പിന്നെ വീട്ടിലേക്ക് നിലയ്ക്കാത്ത ഫോൺ വിളികളായിരുന്നു.

മകൻ നാടിന്റെ അഭിമാനമായ സന്തോഷത്തിലാണ് എറണാകുളം ദിവാൻസ് റോഡ് ദിവാൻസ് എൻക്‌ളേവ് കടത്തനാട്ട് വീട്ടിൽ ടി.എൻ. രാംകുമാറും കുടുംബവും.

2019ൽ പ്രിലിമിനറി പോലും കടന്നില്ല. 2020ൽ റിസർവ് ലിസ്റ്റിൽ ഇടംനേടി ഇന്ത്യൻ പോസ്റ്റ് ആൻഡ് ടെലികോം അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് സർവീസിൽ ജോലി ലഭിച്ചു. ഒമ്പതു മാസം മാത്രമാണ് ജോലി ചെയ്തത്. ജോലിക്കിടയിലും ഐ.എ.എസ് മോഹം ഉപേക്ഷിക്കാതെ പഠിച്ചു. 2021ൽ 181-ാം റാങ്ക് നേടി ഐ.പി.എസ് പരിശീലനത്തിനു കയറി. 2022ൽ 121-ാം റാങ്ക് വരെയെത്തി. അവിടെ വച്ച് ശ്രമം അവസാനിപ്പിച്ചെന്ന് കരുതിയ വീട്ടുകാർക്ക് മുന്നിലേക്കാണ് അപ്രതീക്ഷിതമായി ഉന്നത റാങ്ക് നേട്ടം എത്തിയത്.

ജോലി ഉപേക്ഷിക്കാതെയായിരുന്നു പഠനം. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് സിവിൽ സർവീസ് പരീക്ഷയെഴുതണമെന്ന് ആഗ്രഹത്തിലേക്കെത്തിയതെന്ന് അമ്മ രതി പറഞ്ഞു. എൻജിനീയറിംഗ് പഠനം തിരുവനന്തപുരം സി.ഇ.ടിയിലായിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഓപ്ഷണലായി തെരഞ്ഞെടുത്തത് ആന്ത്രോപോളജിയായിരുന്നു.
കുത്തിയിരുന്ന് പഠിക്കുന്ന ശീലം ഇല്ലെന്ന് അമ്മ പറഞ്ഞു. രാത്രിയിലാണ് പഠനമേറെയും. ഐ.എ.എസിനായി ശ്രമിച്ച സമയത്തെല്ലാം കൃത്യമായ മോക്ടെസ്റ്റുകളിലും ടെസ്റ്റ് സീരീസുകളിലുമെല്ലാം പങ്കെടുത്തിരുന്നു. ഓൺലൈൻ പരിശീലനങ്ങളെയും ആശ്രയിച്ചിരുന്നു. നല്ല വായനാശീലമുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ്. സ്‌കൂൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നെങ്കിലും മാതാപിതാക്കൾ അധികം പ്രോത്സാഹിപ്പിച്ചില്ല.

അച്ഛൻ രാംകുമാർ എറണാകുളം ചിന്മയ കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പലാണ്. സഹോദരൻ ആദർശ് കുമാർ ഹൈക്കോടതിയിൽ വക്കീലാണ്.