കൊച്ചി: കെട്ടിടത്തിന്റെ പിന്നിലെ ഇരുമ്പ് ഏണിയിലൂടെ മുകളിൽ കയറണം. പാതിരാവരെ ടെറസിൽ കിടന്നശേഷം കവർച്ച നടത്തി നേരംപുലരും മുമ്പ് ജില്ലവിടണം. പദ്ധതി ഇതായിരുന്നെങ്കിലും പ്രധാനമന്ത്രി കൊച്ചിയിലേക്ക് പറന്നിറങ്ങിയത് കള്ളന്മാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. സുരക്ഷയുറപ്പാക്കാൻ പൊലീസ് കെട്ടിടങ്ങൾക്ക് മേലെ നടത്തിവന്ന പരിശോധന നുഴഞ്ഞുകയറ്റം കണ്ടെത്തി. പിന്നാലെ കള്ളന്മാരെ കൈയോടെ പൊക്കി!

എറണാകുളം എം.ജി റോഡിലെ ജപ്തിചെയ്യപ്പെട്ട പാർത്ഥാസ് വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് മോഷണശ്രമമുണ്ടായത്. കൊല്ലം സ്വദേശി മുഹമ്മദ് ഷെരീഫ് (47), തൃപ്പൂണിത്തുറ സ്വദേശി സന്തോഷ് (42) എന്നിവരാണ് അറസ്റ്റിലായത്. വിഷുദിനത്തിൽ രാത്രിയായിരുന്നു സംഭവം. ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് സെൻട്രൽ സി.ഐ യു. ശ്രീജിത് പറഞ്ഞു.

ബാദ്ധ്യതയെ തുടർന്ന് വസ്ത്രവ്യാപാര സ്ഥാപനം എസ്.ബി.ഐ ജപ്തി ചെയ്തിരുന്നു. എന്നാൽ ഇവിടെ ഉണ്ടായിരുന്ന വസ്ത്രങ്ങളൊന്നും നീക്കിയിരുന്നില്ല. ഇത് മനസിലാക്കിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്. തൊട്ടടുത്ത കെട്ടിടത്തിൽ സുരക്ഷാ പരിശോധന നടത്തിയിരുന്ന പൊലീസുകാരാണ് ഏണിയിലൂടെ മോഷ്ടാക്കൾ കയറുന്നത് കണ്ടത്. ഉടനെ ഇവിടെ എത്തുകയും പരിശോധനയിൽ പ്രതികളെ കണ്ടെത്തുകയുമായിരുന്നു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

* വെൽഡിംഗ് വർക്ക് ഷോപ്പിൽ മോഷണം

കൊച്ചി: എറണാകുളം നോർത്ത് പെട്രോൾപമ്പിന് സമീപത്തെ വെൽഡിംഗ് വർക്ക് ഷോപ്പിൽ മോഷണം. കരിമ്പ് ജ്യൂസ് മെഷീൻ നിർമ്മിക്കാനായി ഏൽപ്പിച്ച എൻജിൻ കവർന്നു. കഴിഞ്ഞ വ്യാഴ്ചയായിരുന്നു കവർച്ച. 8000 രൂപ വിലമതിക്കും. ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി ടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്.