കൊച്ചി: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ എറണാകുളം മദ്ധ്യമേഖലാ ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ.
ലഹരിവസ്തുക്കൾ വാങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് പങ്കാളികളെ ശല്യംചെയ്യുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്. അനാചാരങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ആർജവം പുതുതലമുറയിലെ പെൺകുട്ടികൾ നേടിയിട്ടുണ്ട്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംസമൂഹത്തിൽനിന്ന് തുടച്ചുനീക്കപ്പെടേണ്ടതാണ്.ശാസ്ത്രബോധവും യുക്തിചിന്തയ്ക്കുമൊപ്പം വ്യക്തികൾ തമ്മിൽ പരസ്പരസ്‌നേഹവും വിശ്വാസവും ഉണ്ടെങ്കിലേ സുഖകരമായ കുടുംബജീവിതം ഉണ്ടാകൂവെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
യുവദമ്പതികളെപ്പോലെ മുതിർന്ന ദമ്പതികൾക്കിടയിലും കുടുംബപ്രശ്‌നങ്ങൾ രൂക്ഷമാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് 40 വർഷമായ ദമ്പതികളുടെ പരാതി കമ്മിഷന് ലഭിച്ചു. ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാതല അദാലത്തിൽ അഞ്ച് പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ആകെ 18 കേസുകളാണ് പരിഗണിച്ചത്. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, കൗൺസിലർ ടി.എം. പ്രമോദ് എന്നിവരും പങ്കെടുത്തു.